മലയാളത്തിൽ ഏറേ ആരാധകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ബിഗ് ബോസ് സീസൺ 3 കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവസാനിപ്പിച്ചിരുന്നു. 18 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോ 8 മത്സരാർത്ഥികൾ നിലനിൽക്കേയാണ് അവസാനിപ്പിച്ചത്. അനൂപ് കൃഷ്ണൻ, നോബി മാർക്കോസ്, ഡിംപൽ ഭാൽ, കിടിലം ഫിറോസ്, മണിക്കുട്ടൻ, റംസാൻ, ഋതു മന്ത്ര, സായ് വിഷ്ണു എന്നിവരായിരുന്നു അവശേഷിച്ച മത്സരാർത്ഥികൾ.
ഷോ അവസാനിച്ചതോടെ എല്ലാവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ബിഗ് ബോസ് സീസൺ 3യുടെ വിജയിയെ പ്രേക്ഷകർക്ക് തീരുമാനിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ്. പ്രേഷകരുടെ വോട്ടിൻറ്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിജയിയെ കണ്ടെത്തുക. ഷോയിലെ മത്സരാർത്ഥികളുടെ പ്രകടനത്തെ വിലയിരുത്തിയാണ് പ്രേക്ഷകർ വോട്ട് ചെയ്യേണ്ടത്. മേയ് 24-ാം തിയതി തിങ്കളാഴ്ച രാത്രി 11 മണി മുതൽ 29-ാം തിയതി ശനിയാഴ്ച 11 മണി വരെയാണ് വോട്ട് ചെയ്യാവുന്നത്. ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകർ തങ്ങൾക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥികൾക്ക് വോട്ട് ചെയ്യേണ്ടത്. ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്നവരാകും ബിഗ് ബോസ് സീസൺ 3 വിജയി. മണിക്കുട്ടൻ, ഡിംപൽ ഭാൽ, സായ് വിഷ്ണു എന്നിവരുടെ പേരുകളാണ് ഇപ്പോൾ ടോപ്പ് ഫൈവിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്നത്.
തമിഴ്നാട് പോലീസിൻറ്റെയും ആരോഗ്യ വകുപ്പിൻറ്റെയും നിർദ്ദേശത്തെ തുടർന്നാണ് ഷോ അവസാനിപ്പിച്ചത്. സീസൺ 2 വും കഴിഞ്ഞവർഷം കൊവിഡിനെ തുടർന്ന് നേരത്തെ അവസാനിപ്പിച്ചിരുന്നു. അതുപോലെ തന്നെ 95-ാം ദിവസമാണ് സീസൺ 3 യും അവസാനിപ്പിച്ചത്. അതേസമയം ബിഗ് ബോസ് മത്സരാർത്ഥികൾ എല്ലാവരും ഇന്നലെയും ഇന്നുമായി കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3 അവസാനിപ്പിച്ചതിൽ പ്രേക്ഷകർ നിരാശരായിരുന്നു. എന്നാൽ ഈ വാർത്ത വന്നതോടെ ബിഗ് ബോസിൻറ്റെ ടൈറ്റിൽ വിന്നർ ആരാകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.