രാമകൃഷ്ണനായി ഉണ്ണി മുകുന്ദൻ. ‘ഖിലാഡി’ പോസ്റ്റർ പുറത്തിറങ്ങി.

രവി തേജ നായകനായി എത്തുന്ന തെലുങ്ക് ചിത്രത്തിൽ ഉണ്ണി മുകുന്ദനും. ചിത്രത്തിലെ ഉണ്ണിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. രാമ കൃഷ്ണ എന്ന കഥാപാത്രത്തെ ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ ഉണ്ണിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചിത്രത്തിൻറ്റെ അണിയറപ്രവർത്തകരുടെ ട്വീറ്റ് ശ്രദ്ധേയമായിരുന്നു.
ഈ വെള്ളിയാഴ്‌ച ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ആക്ഷൻ ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. തെലുങ്കിനു പുറമേ ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. രമേശ് വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീനാക്ഷി ചൌധരിയും ഡിംപിൾ ഹയതിയുമാണ് ചിത്രത്തിലെ നായികമാർ.
ഇവർക്കു പുറമേ നികിതിൻ ധീർ, സച്ചിൻ ഖഡേക്കർ, മുകേഷ് റിഷി, മുരളി ശർമ്മ, വെണ്ണെല കിഷോർ, അനസൂയ ഭരദ്വാജ്, അർജ്ജുൻ സർജ, കേശവ് ദീപ്ക് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ സ്റ്റുഡിയോസിൻറ്റെ ബാനറിൽ സത്യനാരായണ കോനേരു, രമേശ് വർമ്മ പെൻമസ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുജിത്ത് വാസുദേവും ജി കെ വിഷ്ണുവും ആണ് ചേർന്നാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്.
അതേസമയം വിഷ്ണു മോഹൻ സംവിധാനം ചെയ്ത മേപ്പടിയാൻ ആണ് ഉണ്ണിയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. ഒരു തനി നാട്ടിൻ പുറത്തുകാരനായ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ ആണ് ഉണ്ണി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിനും ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിനും ലഭിച്ചത്. മൂന്നു വർഷത്തിനു ശേഷം പുറത്തിറങ്ങിയ ഉണ്ണിയുടെ ഒരു സോളോ ഹിറ്റ് ചിത്രം ആയിരുന്നു മേപ്പടിയാൻ.