ബാഹുബലിയിലെ താരങ്ങളെക്കാൾ കൂടുതൽ പ്രതിഫലം ഈടാക്കി ആർആർആർ ചിത്രത്തിലെ താരങ്ങൾ

പ്രഭാസ് നായകനായ ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എസ് എസ് രാജമൌലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആർആർആർ. പ്രഖ്യാപനസമയം മുതൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എൻ ടി രാമ റാവു ജൂനിയർ, രാംചരൺ, അജയ് ദേവഗൺ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏകദേശം 400 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ രാം ചരണും ജൂനിയർ എൻടിആറും വാങ്ങിയ പ്രതിഫലം 45 കോടിയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 25 കോടിയാണ് അജയ് ദേവ്ഗൺ വാങ്ങുന്ന പ്രതിഫലം. ആലിയ ഭട്ടിൻറ്റെ പ്രതിഫലം 9 കോടിയാണെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ചിത്രത്തിൻറ്റെ 30 ശതമാനം ലാഭവിഹിതമാണ് സംവിധായകൻ രാജമൌലി തിരഞ്ഞെടുത്തിരിക്കുന്നത്.

അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറയുന്ന ചിത്രമാണ് ആർആർആർ. ഈ മാസം 25നാണ് ചിത്രം റിലീസിന് എത്തുന്നത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തുന്നതാണ്. ഡിവിവി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ ഡി വി വി ദാനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്.

ഹിന്ദുസ്ഥാൻ ടൈംസിൻറ്റെ റിപ്പോർട്ട് അനുസരിച്ച് 250 കോടിയായിരുന്നു ബാഹുബലിയുടെ ബഡ്ജറ്റ്. 28 കോടിയായിരുന്നു ചിത്രത്തിന് രാജമൌലി ഈടാക്കിയ പ്രതിഫലം. പ്രഭാസ് 25 കോടിയും റാണ ദഗുബാട്ടി 15 കോടിയുമാണ് ചിത്രത്തിന് വേണ്ടി വാങ്ങിയ പ്രതിഫലം.