രജീഷ വിജയൻ തെലുങ്കിലേക്കോ | Rajisha Vijayan to make her Telugu Debut

തെലുങ്ക് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളത്തിൻറ്റെ പ്രിയപ്പെട്ട നടി രജീഷ വിജയൻ. നിരവധി മലയാള ചിത്രങ്ങളിലൂടെ തൻറ്റെ കഴിവ് തെളിയിച്ച നടിയാണ് രജീഷ. രവി തേജ നായകനായെത്തുന്ന ചിത്രത്തിൽ ഒരു കേന്ദ്രകഥാപാത്രത്തെയാണ് രജീഷ അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും വന്നിട്ടില്ല. പക്ഷേ വാർത്തകൾ സത്യമാണെങ്കിൽ രജീഷയുടെ ആദ്യ തെലുങ്ക് ചിത്രമാകും ഇത്.

കൊവിഡ് നിയന്ത്രണങ്ങൾ കുറയുമ്പോൾ ഷൂട്ടിംഗ് ആരംഭിക്കാനാണ് സിനിമയുടെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 2022 ൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചനകൾ. നവാഗതനായ ശരത് മന്ദവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലർ ചിത്രമാണിത് എന്നാണ് റിപ്പോർട്ടുകൾ.അനുരാഗ കരിക്കിൻ വെള്ളം എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് രജീഷ വിജയൻ. ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ കേരള സർക്കാരിൻറ്റെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ആളാണ് രജീഷ. തുടർന്ന് ജോർജേട്ടൻസ് പൂരം, ജൂൺ, ഫൈനൽസ്, ലവ്, സ്റ്റാൻഡ് അപ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലൂടെ രജീഷ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. തുടർന്ന് കർണൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. ധനൂഷ് ആയിരുന്നു ചിത്രത്തിലെ നായകൻ.

കർണനിലെ അഭിനയത്തിനു ശേഷം നിരവധി അവസരങ്ങളാണ് രജീഷയെ തേടിയെത്തുന്നത്. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ചിത്രമായ സർദാറിൽ ആണ് രജീഷ ഇപ്പോൾ അഭിനയിക്കുന്നത്. കാർത്തിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. അടുത്തിടെ സൂര്യ നായകനായെത്തുന്ന മറ്റൊരു തമിഴ് ചിത്രത്തിലും രജീഷ ഒപ്പുവച്ചിരുന്നു. ഫഹദ് ഫാസിലിൻറ്റെ വരാനിരിക്കുന്ന ചിത്രമായ മലയൻകുഞ്ഞിലും രജീഷ പ്രധാന വേഷത്തിലെത്തുന്നുണ്ട്