വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം. സേതുരാമയ്യർ സിബിഐയുടെ ടീമിൽ പിഷാരടിയും.

മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു കഥാപാത്രമായിരുന്നു സേതുരാമയ്യർ സിബിഐ. മമ്മൂട്ടി സേതുരാമയ്യറായി വീണ്ടുമെത്തുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചിത്രത്തിൻറ്റെ സ്വിച്ചോൺ നവംബർ 29 നാണ് നടന്നത്. ചിത്രത്തിൻറ്റെ അഞ്ചാം പതിപ്പാണ് ഇനി വരാനിരിക്കുന്നത്. മമ്മൂട്ടിയെ വീണ്ടും സേതുരാമയ്യറായി സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് ആരാധകർ. വേറിട്ട കുറ്റാന്വേഷണ രീതികളാണ് സേതുരാമയ്യർ സിനിമകളിലൂടെ എല്ലാവരും കണ്ടത്. എല്ലാവരെയും ആകാംക്ഷഭരിതരാക്കിയ ചിത്രങ്ങളായിരുന്നു കഴിഞ്ഞ നാലു പതിപ്പുകളും.
മമ്മൂട്ടിയോടൊപ്പം ഇത്തവണ കേസ് അന്വേഷണത്തിന് രമേശ് പിഷാരടിയുമുണ്ട്. “ഈ ഐഡി കാർഡിന് ഒരുപാട് നന്ദി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം. വളർന്ന് സേതുരാമയ്യർ കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരു പക്ഷേ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു.” മമ്മൂട്ടിക്കും കെ മധുവിനും നന്ദി പറഞ്ഞുകൊണ്ട് രമേശ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിലെ കഥാപാത്രത്തിൻറ്റെ ഗെറ്റപ്പിലുള്ള ചിത്രവും പിഷാരടി പങ്കുവച്ചിട്ടുണ്ട്.
കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ നാല് സിബിഐ സിനിമകളുടെയും തിരക്കഥ ഒരുക്കിയ എസ് എൻ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിൻറ്റയും തിരക്കഥ എഴുതുന്നത്. കൃഷ്ണ കൃപ പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ സംവിധായകൻ കെ മധു തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷ്, ആശാ ശരത്, സായി കുമാർ, രഞ്ജി പണ്ക്കർ, സൌബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മോനോൻ, സ്വാസിക, മാളവിക മേനോൻ, അന്ന രേഷ്മ രാജൻ തുടങ്ങി നിരവധി പേരും ചിത്രത്തിലുണ്ട്.