ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ എത്തി മലയാള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജോജു ജോർജ്.മലയാള സിനിമയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ജോജു ഇപ്പോൾ തമിഴിലും ചുവടുറപ്പിക്കുകയാണ്. ധനൂഷ് നായകനായെത്തുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയാണ് ജോജു തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിൻറ്റെ ട്രെയിലർ പുറത്തിറക്കിയിരുന്നു. അതിലൂടെ തന്നെ വളരെ സുപ്രധാനമായ ഒരു റോളാണ് ജോജുവിൻറ്റേത് എന്ന് വ്യക്തമായിരുന്നു. തമിഴിലും ജോജു ശ്രദ്ധിക്കപ്പെടും എന്നതിൽ സംശയമില്ല.
ഇപ്പോഴിതാ ജോജുവിനെ പ്രകീർത്തിച്ചുകൊണ്ട് നടൻ കൃഷ്ണശങ്കർ എത്തിയിരിക്കുകയാണ്. “ ചൈനീസ് ബാംബൂ ട്രീ എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ അഞ്ചു വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷേ അഞ്ചാം വർഷം അതിൻറ്റെ വേര് വെറും ആറ് ആഴ്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും ആറ് ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ കൊണ്ട് അതിൻറ്റെ ശക്തമായ വേരുകൾ ഉണ്ടാക്കി എടുക്കുകയായിരുന്നു. അതുപോലെ, മലയാള സിനിമയിൽ തൻറ്റെ ഡെഡിക്കേഷൻ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോർജ്. നിങ്ങൾ ഞങ്ങൾ എല്ലാവർക്കും ഒരു പ്രചോദനമാണ്.“ എന്നാണ് കൃഷ്ണശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്.
സൂപ്പർഹിറ്റ് ചിത്രം പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിരം. ജൂൺ 18 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ധനൂഷിൻറ്റെ നാല്പതാമത്തെ ചിത്രം കൂടിയാണ് ജഗമേ തന്തിരം. ചിത്രത്തിൽ ജോജുവിനെ കൂടാതെ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എൻറ്റർടെയ്മൻറ്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോജു ജോർജിനെ നായകനാക്കി സൻഫീർ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിൻറ്റെ ടൈറ്റിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തിരുന്നു. തമിഴ്, കന്നഡ, ഹിന്ദി, മലയാളം, തെലുങ്ക് തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.