സാറാസിൽ അമ്മയെ കൂട്ടാൻ വന്ന പൃഥ്വിയെ ഡ്രൈവർ ആക്കിയോ ? മറുപടിയുമായി ജൂഡ് ആൻറ്റണി

അന്ന ബെന്നിനെ നായിക ആക്കി ജൂഡ് ആൻറ്റണി ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് സാറാസ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോൾ സിനിമയിൽ പൃഥ്വിരാജും ഉണ്ടോ എന്ന സംശയമാണ് പ്രേക്ഷകർക്ക്.

സിനിമ കണ്ട പലർക്കും സംശയം തോന്നിയ ഒരു സീനുണ്ട്. മക്കളുടെ വീട്ടിൽ നിന്നും മടങ്ങുന്ന മല്ലിക സുകുമാരനെ കൂട്ടി കൊണ്ടുപോകാൻ വരുന്ന ഡ്രൈവർ പൃഥ്വിരാജ് ആണോ ? ഈ കഥാപാത്രത്തിന് പൃഥ്വിരാജുമായി നല്ല സാമ്യം ഉണ്ടെന്നാണ് സിനിമ കണ്ടവർ പറയുന്നത്. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ മുഴുവൻ അമ്മയെ കൂട്ടാൻ വന്ന പൃഥ്വിയെ ജൂഡ് ഷോട്ടിലാക്കിയതായി ട്രോളുകളും വന്നും. പലരും ഈ സംശയം ജൂഡിനോടും ചോദിച്ചിരുന്നു.

ഇപ്പോൾ എല്ലാവരുടെയും സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആൻറ്റണി. “മല്ലികാമ്മ എനിക്ക് അമ്മയെ പോലെ തന്നെയാണ്. അവർക്ക് ഞാനും ഒരു മകനെ പോലെ ആണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെ ആണ്. എന്നാൽ സിനിമയിലെ ആ ചെറുപ്പക്കാരൻ രാജുവല്ല”. എന്നാണ് ജൂഡ് ട്രോൾ പങ്കുവച്ചുകൊണ്ട് തൻറ്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

സാറാസിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെ ആണ് മല്ലിക സുകുമാരൻ അവതരിപ്പിച്ചിരിക്കുന്നത്. വളരെയധികം പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രങ്ങളാണ് അന്നയുടെയും മല്ലിക സുകുമാരൻറ്റെയും. ജൂലൈ അഞ്ചിനാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. ചിത്രത്തിൽ അന്ന ബെന്നിൻറ്റെ നായകനായെത്തുന്നത് സണ്ണി വെയ്നാണ്. വിനീത് ശ്രീനിവാസൻ, സിദ്ദിഖ്, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്