11 വർഷത്തിന് ശേഷം സംവിധായികയായി രേവതി; ദി ലാസ്റ്റ് ഹുറയിൽ നായികയായി കാജോൾ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് രേവതി. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള രേവതി നടി എന്ന നിലയിൽ മാത്രമല്ല സംവിധായക എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ്. 2002ൽ മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രം സംവിധാനം ചെയ്തുക്കൊണ്ടാണ് രേവതി സംവിധാനത്തിലേക്ക് ചുവടുവെച്ചത്. ശോഭന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. തുടർന്ന് രണ്ട് ഫീച്ചർ സിനിമകളും രണ്ട് ആന്തോളജി ഹ്രസ്യചിത്രങ്ങളും രേവതി സംവിധാനം ചെയ്തിരുന്നു.
ഇപ്പോഴിതാ 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുകയാണ് രേവതി. ദി ലാസ്റ്റ് ഹുറ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് രേവതിയുടെ തിരിച്ചുവരവ്.

യഥാർത്ഥ കഥയെയും കഥാപാത്രത്തെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് സുന്ദരി കജോളാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ കജോൾ തന്നെയാണ് പുറത്തുവിട്ടത്. എൻറ്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് രേവതിയാണെന്നും ദി ലാസ്റ്റ് ഹുറാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും കജോൾ വ്യക്തമാക്കി. ഹൃദയസ്പർശിയായ കഥയാണെന്നും കേട്ട ഉടനെ തന്നെ താൻ സമ്മതിക്കുകയായിരുനെന്നും കാജോൾ കുറിച്ചു.

ജീവിതപ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന സുജാത എന്ന അമ്മയുടെ കഥ പറയുന്ന ചിത്രമാണ് ദി ലാസ്റ്റ് ഹുറ. ചിത്രത്തിൽ സുജാതയായാണ് കാജോൾ വേഷമിടുന്നത്. സമീർ അറോറയാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. ബ്ലൈവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ സുരാജ് സിങ്ങ്, ശ്രദ്ധ അഗർവാൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിലവിൽ ചിത്രത്തിൻറ്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്