വ്യാജ ക്ലബ് ഹൌസ് അക്കൌണ്ടുകൾക്കെതിരെ പ്രതികരിച്ച് ദുൽഖറും പൃഥ്വിരാജും

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത് ക്ലബ് ഹൌസാണ്. നിരവധി സെലിബ്രിറ്റികളും ക്ലബ് ഹൌസിൽ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ പേരിലുള്ള വ്യാജ ക്ലബ് ഹൌസ് അക്കൌണ്ടുകൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ദുൽഖറും പൃഥ്വിരാജും രംഗത്തുവന്നിട്ടുണ്ട്. തങ്ങൾക്ക് ക്ലബ് ഹൌസിൽ അക്കൌണ്ടുകൾ ഇല്ലെന്നും ഇതെല്ലാം വ്യാജ അക്കൌണ്ടുകളാണെന്നും തങ്ങളുടെ പേരിൽ ആൾമാറാട്ടം നടത്തരുതെന്നും ഇവർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

“ ഞാൻ ക്ലബ് ഹൌസിൽ ഇല്ല. ഈ അക്കൌണ്ടുകൾ എൻറ്റേതല്ല. എൻറ്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്. അത് ശരിയായ രീതി അല്ല “ എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം തൻറ്റെ പേരുലുള്ള ചില വ്യാജ അക്കൌണ്ടുകളുടെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരൻ, ദി റിയൽ പൃഥ്വി തുടങ്ങിയ പേരിലാണ് പൃഥ്വിരാജിൻറ്റെ പേരിൽ വ്യാജ അക്കൌണ്ടുകൾ തുറന്നിരിക്കുന്നത്. നിരവധി പേർ ഈ അക്കൌണ്ട് ഫോളോ ചെയ്യുന്നുമുണ്ട്.
ശബ്ദം മാധ്യമമായ ഈ സോഷ്യൽ മീഡിയ ആപ്പ് കഴിഞ്ഞ വർഷം മാർച്ചിലാണ് ഐഒഎസ് പ്ലാറ്റ്ഫോമിൽ ഇറക്കിയതെങ്കിലും ഈ വർഷം മെയ് 21 നാണ് ആൻഡ്രോയിഡ് പതിപ്പ് പുറത്തിറക്കിയത്. തുടർന്നാണ് കേരളത്തിലും ഈ ആപ്പിന് പ്രചാരം ലഭിച്ചത്. നിരവധി സാമൂഹിക വിഷയങ്ങളിൽ സംവാദങ്ങളും ഇവിടെ നടക്കുന്നുണ്ട്. ആൽഫ എക്സ്പ്ലൊറേഷൻ എന്ന കമ്പനി വഴി പോൾ ഡേവിഡ്സൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ഈ പ്ലാറ്റ്ഫോമിനു രൂപം നൽകിയത്. ഒരേ സമയം 5000 പേർക്ക് വരെ പങ്കെടുക്കാം എന്നതാണ് ക്ലബ് ഹൌസിൻറ്റെ പ്രത്യേകത. കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദൻ ക്ലബ് ബൌസിൽ ആരാധകരുമായി സംവദിച്ചിരുന്നു. മോഹൻലാലിൻറ്റെയും മമ്മൂട്ടിയുടെയും പേരിൽ ക്ലബ് ഹൌസ് അക്കൌണ്ടുകൾ തുറന്നിട്ടുണ്ട്.