മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മരക്കാർ അറബിക്കടലിൻറ്റെ സിംഹം. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് സിനിമയുടെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ് ഇപ്പോൾ. ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കുഞ്ഞാലി മരക്കാർ നാലാമൻറ്റെയും 16-ാം നൂറ്റാണ്ടിൽ യൂറോപ്പ്യൻ സേനയ്ക്ക് എതിരായി നടത്തിയ ഇന്ത്യയുടെ നാവിക പ്രതിരോധത്തിൻറ്റെയും കഥ പറയുന്ന ചിത്രമാണ് മരക്കാർ. 100 കോടി ബഡ്ജറ്റിൽ പുറത്തിറക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
മോഹൻലാലിന് പുറമേ സുനിയേൽ ഷെട്ടി, അർജുൻ സർജ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, പ്രഭു, മുകേഷ്, സിദ്ധിക്ക്, മഞ്ചു വാര്യർ, സുഹാസിനി മണിരത്നം, അശോക് ശെൽവം, നെടുമുടി വേണു, ഇന്നസെൻറ്റ്, മാമുക്കോയ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇപ്പോഴിതാ മരക്കാർ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ
“ മരക്കാർ അറബിക്കടലിൻറ്റെ സിംഹം ബാഹുബലിയേക്കാൾ വലിയ സ്കെയിലിലാണ് ഒരുക്കിയിരിക്കുന്നത്. ബാഹുബലി ഒരു കൽപിത കഥയായിരുന്നെങ്കിൽ മരക്കാർ യഥാർത്ഥ ചരിത്രമാണ്. ഇന്ത്യയുടെ ആദ്യ നേവൽ കമാൻഡറിനെക്കുറിച്ചാണ് മരക്കാർ എന്ന ചിത്രം. മികച്ച ചിത്രത്തിന് അടക്കമുള്ള ദേശീയ പുരസ്ക്കാരങ്ങൾ ലഭിച്ചു. ജോലികളെല്ലാം തീർത്ത് ഒന്നര വർഷത്തോളമായി ഞങ്ങൾ ചിത്രം ഹോൾഡ് ചെയ്യുകയാണ്. ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാനാണ് പദ്ധതി. തിയേറ്ററുകളിൽ ചിത്രം തരംഗമാവുമെന്നാണ് പ്രതീക്ഷ.” മരക്കാറിൽ തനിക്കൊപ്പം മകൻ സിദ്ധാർഥിനും പുരസ്ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രിയദർശൻ വ്യക്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരത്തിനൊപ്പം വസ്ത്രാലങ്കാരത്തിനും സ്പെഷ്യൽ എഫക്ടിനുമുള്ള ദേശീയ പുരസ്ക്കാരങ്ങളും ചിത്രം നേടിയിരുന്നു. മലയാളത്തിനുപുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്