മാലിക് സിനിമാ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് ഫഹദ് ഫാസിൽ

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാലിക്ക്. ജൂലൈ 15 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതുകൊണ്ടാണ് ചിത്രം ഇപ്പോൾ ഒടിടി റിലീസ് ചെയ്യുന്നത്. ഫഹദിൻറ്റെ ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് മാലിക്. ചിത്രത്തിൻറ്റെ ട്രെയിലറും മുമ്പു ഒരുപാട് ശ്രദ്ധ നേടിയിരുന്നു. സുലൈമാൻ മാലികായാണ് ഫഹദ് ചിത്രത്തിൽ വേഷമിടുന്നത്. ഇപ്പോഴിതാ ഫേസ്ബുക്ക് ലൈവിലൂടെ മാലിക്ക് സിനിമാ വിശേഷങ്ങൾ തൻറ്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

“മാലിക് തിയേറ്റർ എക്സ്പീരിയൻസ് മുന്നിൽ കണ്ട് മാത്രം ചെയ്ത സിനിമയാണ്. ഞാൻ ഒരിക്കലും മെതേഡ് ആക്ടർ അല്ല. ആക്ടിംങിന് എൻറ്റെ മെതേഡ് ഉണ്ടെന്ന് മാത്രമേ ഉള്ളൂ. എഴുത്തുകാരനെയും സംവിധായകനെയും ആശ്രയിച്ചാണ് എന്നിലെ നടൻ. ബജറ്റിനെ കുറിച്ച് ആലോചിച്ചിട്ടല്ല ഞാൻ ഒരു സിനിമ തിരഞ്ഞെടുക്കുന്നത്. മാലിക് എന്ന സിനിമ തിയേറ്റർ എക്സ്പീരിയൻസിന് വേണ്ടിയുള്ളത് തന്നെയായിരുന്നു. കുറേക്കാലം തിയേറ്റർ റിലീസിനായി കാത്തിരുന്നെങ്കിലും ഇപ്പോൾ മികച്ച ക്വാളിറ്റിയിൽ ഒടിടിയിൽ റിലീസ് ചെയ്യുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. പ്രായം കൂടിയ ഒരു കഥാപാത്രത്തെ ഞാൻ മാലിക്കിൽ അവതരിപ്പിച്ചിട്ടുണ്ട്. എൻറ്റെ തടി കൂട്ടിയാൽ അഭിനയത്തിൻറ്റെ ബാലൻസ് നഷ്ടമാവും എന്ന് മമ്മൂക്ക നേരത്തെ മഹേഷ് നാരായണനോട് പറഞ്ഞിരുന്നു. അതുക്കൊണ്ട് പ്രായം കൂടിയാലും ചെറിയ ശരീരമുള്ള ആളായിട്ടാണ് സിനിമയിലെ കഥാപാത്രമുള്ളത്. ആ കഥാപാത്രമാകുന്നതിന് വേണ്ടി ഞാൻ തടി കുറയ്ക്കുകയായിരുന്നു. മാലിക് എന്നത് എൻറ്റെ കഥാപാത്രത്തെയല്ല സൂചിപ്പിക്കുന്നത്. ആ ഭൂമികയിലെ മൊത്തം ആൾക്കാരെയാണ് പ്രതിനിധാനം ചെയ്യുന്നത്. ബജറ്റ് അല്ല പ്രൊജക്ടിൻറ്റെ അടിസ്ഥാനത്തിലാണ് ഞാൻ എപ്പോഴും സിനിമകൾ തിരഞ്ഞെടുക്കുന്നത്.”