ഇന്ത്യയിലുടനീളം ശ്രദ്ധിക്കപ്പെട്ട വെബ് സീരിസാണ് ഫാമിലി മാൻ. ഇതിൽ മൂസ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടൻ നീരജ് മാധവാണ്. ഇപ്പോഴിതാ ഫാമിലി മാൻ സീസൺ 2 വിൽ മൂസ എവിടെ പോയി എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നീരജ്. “സത്യത്തിൽ ഞാനല്ല പ്രേക്ഷകരാണ് മൂസയെ മിസ് ചെയ്യുന്നത്.
ഫാമിലി മാൻ 2 റിലീസ് ആയതോടെ ആ കഥാപാത്രത്തെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് പ്രേക്ഷകരുടെ മെസേജുകൾ നിരവധി ലഭിക്കുന്നുണ്ട്. ഈ സീസണിൽ മൂസ ഇല്ലെന്ന കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നു. ആ ക്യാരക്ടർ നല്ലൊരു ഇംപാക്ട് സൃഷ്ടിച്ചിരുന്നു. അതുക്കൊണ്ട് ആമസോൺ ആ ക്യാരക്ടർ നിലനിർത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആദ്യമേ തന്നെ രണ്ടാമത്തെ സീസണിൽ പുതിയൊരു കഥയും പുതിയൊരു ബോർഡർ പ്രശ്നവുമായാണ് പ്ലാൻ ചെയ്തിരുന്നത്. അതുക്കൊണ്ട് മൂസ എന്ന കഥാപാത്രത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള സാധ്യത ഇല്ലായിരുന്നു.
ഫസ്റ്റ് സീസൺ ഇറങ്ങുന്നതിന് മുൻപ് തന്നെ സെക്കൻഡ് സീസണിൻറ്റെ ഷൂട്ട് തുടങ്ങി. കൊവിഡിനൊക്കെ മുൻപ് തന്നെ ഫാമിലി മാൻ സീസൺ 2 ഷൂട്ട് തീർന്നിരുന്നു. 2019ൽ തന്നെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം അവർ ചിത്രീകരിച്ചു. കുറച്ച് വർക്കുകൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. അതിനിടെയാണ് മൂസ ഉണ്ടാകുമോ ഇല്ലയോ എന്ന ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ടീസർ ഇറക്കിയത്. സീസൺ 2 വിൻറ്റെ ഷൂട്ടിനിടയിൽ ഞാൻ മുംബൈയിൽ ഉണ്ടായിരുന്നു. ആ സമയത്ത് എന്നെ വിളിച്ച് ചെയ്തതാണ് ആ ടീസർ. സീസൺ 2വിൽ എൻറ്റെ കഥാപാത്രം ഇല്ലെന്ന് ഉറപ്പായിട്ടും അങ്ങനെയൊരു ടീസർ ഇറക്കാൻ കാരണം തന്നെ ആ കഥാപാത്രത്തിനുള്ള ആരാധകരെ പരിഗണിച്ചാണ്. ആ ഹൈപ്പ് നിലനിർത്താനായിരുന്നു ടീസർ ഇറക്കിയത്. അതുക്കൊണ്ട് കുറേ പേർ മൂസയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഫാമിലി മാനിൻറ്റെ ഒരു ഗ്രൂപ്പ് ഉണ്ട്. അതിൽ മൂസയെക്കുറിച്ച് സംസാരിക്കാറുണ്ട്. അവർ തന്നെ പറയുന്നു മൂസയെ മിസ് ചെയ്യുന്നു എന്ന്. മൂസയെ ഒരു സ്പിന്നോഫ് പോലെ ഒന്ന് ആലോചിച്ചാലോ എന്നൊക്കെയുള്ള ചർച്ചകൾ തമാശയായി നടക്കുന്നുണ്ട്. ആ കഥാപാത്രം ചെയ്യാൻ എന്നെ വിളിക്കുമ്പോൾ എനിക്ക് ഹിന്ദി കുറച്ചൊക്കെ അറിയാമായിരുന്നു. പക്ഷേ സ്പോക്കൺ ഹിന്ദി അത്ര വശമില്ലായിരുന്നു. ഫാമിലി മാനിന് വേണ്ടി തന്നെ ഹിന്ദി പഠിച്ചു. ഷൂട്ടിൽ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.”
മൂസയാണോ രാജിയാണോ കൂടുതൽ അപകടകാരി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് പ്രേക്ഷകർ ആണെന്നാണ് നീരജിൻറ്റെ മറുപടി. സാമന്ത അതിഗംഭീരമായാണ് രാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഞാനേറേ ആസ്വദിച്ചാണ് അവരുടെ പ്രകടനം കണ്ടതെന്നും നീരജ് വ്യക്തമാക്കി.