കുറുപ്പിനു രണ്ടാം ഭാഗം. മോഷൻ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻറ്റെ ജീവിതം പറഞ്ഞ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടഞ്ഞുകിടന്ന തിയേറ്ററുകൾ തുറക്കാൻ കാരണമായ ചിത്രമായിരുന്നു കുറുപ്പ്. ഇതിനിടയിൽ കുറുപ്പിനു രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
എന്നാൽ ഈ റിപ്പോർട്ടുകൾ ശരിയാണെന്ന സൂചന നൽകിക്കൊണ്ട് കുറുപ്പിലെ ടെയ്ൽ എൻഡ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ സൽമാൻ. നാട്ടിൽ നിൽക്കാനാകാത്ത സാഹചര്യത്തിൽ കുറുപ്പ് വിദേശത്തേക്ക് നാടുവിട്ടുപോകുന്നതും ഫിൻലാൻഡിൻറ്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ എത്തി അലക്സാണ്ടർ എന്ന കള്ളപ്പേരിൽ അവിടെ കഴിയുന്നതും ആയിരുന്നു ചിത്രത്തിൻറ്റെ അവസാനം. ഒരു രണ്ടാം ഭാഗത്തിൻറ്റെ സൂചന നൽകിക്കൊണ്ടായിരുന്നു സംവിധായകൻ ചിത്രം അവസാനിപ്പിച്ചത്.
അലക്സാണ്ടറിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നാണ് സൂചന. അലക്സാണ്ടറിൻറ്റെ ഉയർച്ച എന്ന ടൈറ്റിലിൽ ഒരു ക്യാരക്ടർ മോഷൻ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ദുൽഖർ സൽമാൻ ആണ് പോസ്റ്റർ പുറത്തിറക്കിയത്.
അതേസമയം ചിത്രം ഇനിമുതൽ ഒടിടിയിലും കാണാനാകും. നെറ്റഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാൻ റെക്കോർഡ് തുക ലഭിച്ചിട്ടും ഓഫറുകൾ നിരസിച്ച് കുറുപ്പ് തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു. 35 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ദുൽഖറിൻറ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. വേഫെയർ ഫിലിംസും എം സ്റ്റാർ എൻറ്റർടൈൻമെൻറ്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.