സൂര്യയുടെ ‘ജയ് ഭീം’ ദീപാവലിക്ക്. റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ.

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി കൂട്ടത്തിൽ ഒരുത്തൻ ഫെയിം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം ജയ് ഭീമിൻറ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദീപാവലിയോട് അനുബന്ധിച്ച് നവംബർ 2 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ആമസോൺ പ്രൈമിലാണ് ചിത്രം എത്തുന്നത്. ചിത്രം നവംബറിൽ റിലീസ് ചെയ്യുമെന്ന് ആമസോൺ പ്രൈം മുമ്പ് പ്രഖ്യാപിച്ചിരുന്നു.

സൂര്യയുടെ കരിയറിലെ 39-ാം ചിത്രമാണ് ജയ് ഭീം. അഭിഭാഷകൻറ്റെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. ഒരു കോർട്ട് റൂം ഡ്രാമ ഗണത്തിൽ പെടുന്ന ചിത്രം ആണിത്. രജീഷ വിജയൻ ആണ് ചിത്രത്തിലെ നായിക. രജീഷയുടെ മൂന്നാമത്തെ തമിഴ് ചിത്രം കൂടി ആണിത്. ധനൂഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത കർണൻ ആയിരുന്നു രജീഷയുടെ ആദ്യ തമിഴ് ചിത്രം.

ദളിത് മുന്നേറ്റമാണ് ചിത്രത്തിൻറ്റെ പ്രമേയം. ഒരു ആദിവാസി സമൂഹത്തിൻറ്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അവർക്കുവേണ്ടി പൊരുതുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഒരാളെയാണ് സൂര്യ സിനിമയിൽ അവതരിപ്പിക്കുന്നത്. രജീഷ വിജയനു പുറമേ മലയാളി താരം ലിജോ മോളും പ്രകാശ് രാജും മണികണ്ഠനും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

2 ഡി എൻറ്റെർടെയ്മൻറ്റ്സിൻറ്റെ ബാനറിൽ സൂര്യ തന്നെ ആണ് ചിത്രം നിർമ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ആയിട്ടാണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. മണികണ്ഠനാണ് ചിത്രത്തിൻറ്റെ രചന നിർവഹിക്കുന്നത്. എസ് ആർ കതിർ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിൻ രാജ്. വസ്ത്രാലങ്കാരം പൂർണ്ണിമ രാമസ്വാമി. ആക്ഷൻ കൊറിയോഗ്രഫി അൻബറിവ്.

ജയ് ഭീം ഉൾപ്പടെ സൂര്യയുടെ 2 ഡി എൻറ്റർടെയ്മൻറ്റ്സ് നിർമ്മിക്കുന്ന നാലു ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോൺ പ്രൈം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ‘രാമെ ആണ്ടാളും രാവണെ ആണ്ടാളും’ ഇതിനകം റിലീസ് ചെയ്തു. ‘ഉടൻപിറപ്പേ’ ഈ മാസം 14 നും ‘ഓ മൈ ഡോഗ്’ ഡിസംബറിലും റിലീസ് ചെയ്യും.