ഓപ്പറേഷൻ ജാവയ്ക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി

ഓപ്പറേഷൻ ജാവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി തരുൺ മൂർത്തി. സംവിധായകൻ തന്നെ രചന നിർവ്വഹിക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഈ മാസം കൊത്തിയിൽ ആരംഭിക്കും. ഇതുവരെയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിൽ തീരപ്രദേശത്ത് താമസിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥയാണ് ആവിഷ്കരിക്കുന്നത്. നായിക പ്രാധാന്യമുള്ള ചിത്രത്തിൽ പുതുമുഖം ദേവി വർമ്മയാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ മലയാളി താരങ്ങളായ ലുക്മാൻ, ബിനു പപ്പു, സുധിക്കൊപ്പ എന്നിവർക്കൊപ്പം കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകകാരായ ഐ.ടി ജോസ്, ഗോകുലൻ എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ഉർവശി തിയേറ്റേഴ്സിൻറ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ശരൺ വേലായുധനാണ്. അൻവർ അലിയുടെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് പ്രശസ്ത സംഗീതഞ്ജൻ റെക്സ് വിജയൻറ്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാൻസിസാണ്. ചിത്രത്തിൻറ്റെ കലാസംവിധാനം സാബു വിതര, വസ്ത്രാലങ്കാരം മഞ്ജൂഷാ രാധാകൃഷ്ണൻ, മേക്കപ്പ് മനു, ചിത്രസംയോജനം നിഷാധ് യൂസഫ് എന്നിവരും നിർവ്വഹിക്കുന്നു.

പരസ്യ സംവിധായകനായ തരുൺ മൂർത്തി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പറേഷൻ ജാവ. തിയേറ്റർ റിലീസിന് ശേഷം ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. റിയലിസ്റ്റിക്ക് അവതരണം കൊണ്ട് ശ്രദ്ധ നേടിയ ഓപ്പറേഷൻ ജാവ പോലെ തന്നെ കുടുംബ പ്രേക്ഷകർക്ക് സ്വീകാര്യമകും വിധത്തിലാണ് പുതിയ ചിത്രത്തിൻറ്റെയും അവതരണം.