തമിഴ് റീമേക്കിനൊരുങ്ങി ആൻഡ്രോയിഡ് കുഞ്ഞപ്പൻ

സുരാജ് വെഞ്ഞാറമൂട്, സൌബിൻ ഷാഹിദ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രതീഷ് പൊതുവാൾ 2019ൽ സംവിധാനം ചെയ്ത ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. ഇപ്പോഴിതാ ചിത്രത്തിൻറ്റെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഗൂഗിൾ കുട്ടപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശബരിയും ശരവണനും ചേർന്നാണ്. ഇരുവരും ഒരുമിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിരവധി താരങ്ങൾ ചേർന്ന് സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
ഒരച്ഛനും മകനും അവർക്കിടയിലേക്ക് കടന്നു വരുന്ന ഒരു റോബോട്ടിൻറ്റെയും കഥ പറയുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഭാസ്കര പൊതുവാൾ എന്ന കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വളരയധികം പ്രശംസ ലഭിച്ചിരുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പ്രകടനത്തിന് 2019ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സുരാജിന് ലഭിച്ചിരുന്നു.
തമിഴിൽ സുരാജ് അവതരിപ്പിച്ച ഭാസ്കര പൊതുവാൾ എന്ന കഥാപാത്രമായി എത്തുന്നത് പ്രശസ്ത സംവിധായകൻ കെ എസ് രവികുമാറാണ്. മലയാളത്തിൽ സൌബിൻ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിഗ് ബോസ് താരം തർഷാനാണ്. യോഗി ബാബു, ലോസ്ലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബ്രാനാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കെ എസ് രവികുമാർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലെത്തുമ്പോൾ ചിത്രത്തിൻറ്റെ തിരക്കഥയിൽ മാറ്റമുണ്ടാവുമെന്നാണ് സൂചന. തെങ്കാശി, കുട്രാലം എന്നിവടങ്ങളിലായി ഷൂട്ടിംങ് പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിന് എത്തുമെന്നാണ് സൂചന.
ഏലിയൻ അളിയൻ എന്ന പേരിൽ ചിത്രത്തിൻറ്റെ രണ്ടാം ഭാഗം എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം എസ് ടി കെ ഫ്രെയിംസിൻറ്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമ്മിക്കുന്നത്.