വിക്രത്തിലേക്ക് നരേനെ സ്വാഗതം ചെയ്ത് കമൽ ഹാസൻ; സ്വപ്നം യാഥാർത്ഥ്യമായെന്ന് നരെൻ

വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. കമൽ ഹാസൻ നായകനായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയും, ഫഹദ് ഫാസിലും, കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു താരം കൂടി വിക്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ്. നരെനാണ് വിക്രത്തിലേക്ക് ക്ഷണിക്കപ്പെട്ട താരം. ഇപ്പോഴിതാ സിനിമയിൽ ജോയിൻ ചെയ്തതിലുള്ള സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

“ഒരു ഫാൻ ബോയ്യുടെ സ്വപ്നം സത്യമാവുന്ന നിമിഷം ഒരു നടനാവാൻ അവനെ പ്രചോദിപ്പിച്ച ഇതിഹാസത്തിനൊപ്പം തിരശ്ശീല പങ്കിടുന്ന നിമിഷം. കമൽ ഹാസനൊപ്പം വിക്രത്തിൽ. നന്ദി പ്രിയ ലോകേഷ്, രാജ്കമൽ ഫിലിംസ് ഇൻറ്റർനാഷണൽ” എന്നാണ് നരെൻ ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. കമൽ ഹാസനൊപ്പം നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ലോകേഷ് സംവിധാനം ചെയ്ത കൈതി എന്ന ചിത്രത്തിലും നരെൻ കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. ഇൻസ്പെക്ടർ ബിജോയ് ആയാണ് നരെൻ ചിത്രത്തിൽ വേഷമിട്ടത്. രാജ് കമൽ ഫിലിംസ് ഇൻറ്റർനാഷണലിൻറ്റെ ബാനറിൽ കമൽ ഹസൻ തന്നെ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഗീരീഷ് ഗംഗാധരൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം. എഡിറ്റിംങ് ഫിലോമിൻ രാജ്, സംഘട്ടനം അൻപറിവ്, നൃത്തസംവിധാനം ദിനേശ്, ശബ്ദ സങ്കലനം കണ്ണൻ ഗൺപത് എന്നിവരും നിർവ്വഹിക്കുന്നു. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ചെന്നൈയിൽ ആരംഭിച്ചിട്ടുണ്ട്. ചിത്രം 2022 ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.