‘യശോദ’ സാമന്ത – ഉണ്ണി മുകുന്ദൻ ചിത്രത്തിൻറ്റെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്ത്
തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രം യശോദയുടെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തിറക്കി. ഇരട്ട സംവിധായകരായ ഹരി – ഹരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ യശോദ എന്ന കഥാപാത്രത്തെ ആണ് സാമന്ത അവതരിപ്പിക്കുന്നത്. ഒരു നായിക കേന്ദ്രീകൃതമായ ചിത്രമാണ് യശോദ. വരലക്ഷ്മി, ശരത്കുമാർ, മുരളി ശർമ്മ, റാവു രമേശ്, സമ്പത്ത് രാജ്, ശത്രു, കൽപിക ഗണേഷ്, മധുരിമ, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാകും ഇതെന്നാണ് ഫസ്റ്റ് ഗ്ലിംപ്സിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ചിത്രത്തിൻറ്റെ ഭൂരിഭാഗം ഷൂട്ടിംഗും പൂർത്തിയാക്കിയതായി ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം ഓഗസ്റ്റ് 12 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം പുറത്തിറക്കും. ശ്രീദേവി മൂവിസ് ആണ് ചിത്രത്തിൻറ്റെ നിർമ്മാണം. മണിശർമ്മയാണ് ചിത്രത്തിനു സംഗീതം നൽകുന്നത്.
മോഹൻലാലും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിലെത്തിയ ജനത ഗ്യാരേജ് ആയിരുന്നു ഉണ്ണി മുകുന്ദൻറ്റെ ആദ്യ തെലുങ്ക് ചിത്രം. പിന്നീട് അനുഷ്ക ഷെട്ടി നായികയായി എത്തിയ ഭാഗമതിയിലും ഉണ്ണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അതേസമയം ‘കാത്ത് വാക്കുല രണ്ട് കാതൽ’ ആണ് സാമന്തയുടെ ഏറ്റവും ഒടുലിൽ റിലീസായ ചിത്രം. വിഘ്നേശ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകൻ. ഒപ്പം നയൻതാരയും സാമന്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാമന്തയുടെ ജന്മദിനം കൂടിയായ ഏപ്രിൽ 28 നാണ് ചിത്രം റിലീസ് ചെയ്തത്.