മോഹൻലാലിനെ നായകനാക്കി നടൻ പൃഥിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മലയാളത്തിൽ വൻ വിജയം നേടിയ ചിത്രം തെലുങ്കിലും റീമേക്ക് ചെയ്യുന്നതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. ഗോഡ്ഫാദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻ രാജയാണ്. റീമേക്ക് അവകാശം വാങ്ങിയ ചിരഞ്ജീവി തന്നെയാണ് തെലുങ്കിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാമത്തെ ചിത്രമാണ് ഇത്. ഇപ്പോഴിതാ ഗോഡ്ഫാദറിൽ സൽമാൻ ഖാനും കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിരഞ്ചീവി തന്നെയാണ് സൽമാൻ ഖാൻ ചിത്രത്തിൻറ്റെ ഭാഗമാകുന്നു എന്ന വിവരം പുറത്ത് വിട്ടത്.
എന്നാൽ ഏത് കഥാപാത്രത്തെയാണ് സൽമാൻ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ടൊവിനോ അവതരിപ്പിച്ച ജതിൻ രാംദാസായാണ് സൽമാൻ ഖാൻ ചിത്രത്തിൽ വേഷമിടുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദിനെയാണ് സൽമാൻ അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്.
മലയാളത്തിൽ മഞ്ചു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് ലേഡി സൂപ്പർസ്റ്റാർ നായൻതാരയാണെന്ന് നേരത്തെ വാർത്തകർ വന്നിരുന്നു. സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് പ്രേക്ഷകരെ മുന്നിൽക്കണ്ട് ചിത്രത്തിൻറ്റെ തിരക്കഥയിൽ മാറ്റം വരുത്തിയാണ് റീമേക്ക് ഒരുക്കുന്നത്