വിൻസി അലോഷ്യസ് ബോളിവുഡിലേക്ക്, അരങ്ങേറ്റം നായികയായി.

മികച്ച പ്രകടനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി തീർന്ന താരം ആണ് വിൻസി അലോഷ്യസ്. നായികയായും സഹനടിയായും നിരവധി ചിത്രങ്ങളിൽ വിൻസി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഭീമൻറ്റെ വഴി, കനകം കാമിനി കലഹം എന്നിവ ആയിരുന്നു വിൻസിയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രങ്ങൾ. ചിത്രത്തിലെ വിൻസിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ ബോളിവുഡിലേക്ക് ചുവടുവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വിൻസി. താരം തന്നെ ആണ് സോഷ്യൽ മീഡിയ പേജിലൂടെ ഈ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിലൂടെ ആണ് വിൻസി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ് എന്ന് ആണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ആണ് വിൻസി അവതരിപ്പിക്കുന്നത്. ഒരു മലയാളി കഥാപാത്രം ആയിട്ടാണ് വിൻസി ചിത്രത്തിൽ എത്തുന്നത്. എന്നാൽ ചിത്രത്തിലെ തൊണ്ണൂറ്റി അഞ്ച് ശതമാനം ഡയലോഗുകളും ഹിന്ദിയിൽ ആണെന്നാണ് താരം പറയുന്നത്. അതുകൊണ്ട് ഭാഷ പഠിക്കുക എന്നത് തനിക്ക് ഒരു വെല്ലുവിളി ആയിരുന്നെന്നും താരം പറഞ്ഞു.

ചിത്രത്തിൻറ്റെ സംവിധായകൻ ഷെയ്സൺ ഔസേപ്പ് മലയാളി ആണ്. മുംബൈയും പുനെയും ആയിരുന്നു ചിത്രത്തിൻറ്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ എന്നും താരം പറഞ്ഞു. മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് വിൻസി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ദേശീയ പുരസ്കാര ജേതാവ് ആയ മഹേഷ് റാണ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തിൻറ്റെ ടൈറ്റിൽ ലോഞ്ച് ഈ മാസം 25 ന് നടക്കും. അതേസമയം പൃഥ്വിരാജ് നായകനായി എത്തുന്ന ജന ഗണ മന ആണ് വിൻസിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ആണ് വിൻസി അവതരിപ്പിക്കുന്നത്.