സുകുമാറിൻറ്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് പുഷ്പ. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രത്തിൻറ്റെ രണ്ടാം ഭാഗം ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുഷ്പ 2ൽ ഒരു പ്രധാന കഥാപാത്രമായി വിജയ് സേതുപതിയും എത്തുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുക എന്നാണ് സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്തിഥീകരണമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
പുഷ്പയുടെ ആദ്യഭാഗത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിനായി സിനിമയുടെ അണിയറപ്രവർത്തകർ ആദ്യം സമീപിച്ചത് വിജയ് സേതുപതിയെ ആയിരുന്നു. എന്നാൽ പിന്നീട് ഈ കഥാപാത്രം ഫഹദ് ഫാസിലിലേക്ക് എത്തുകയായിരുന്നു. ഫഹദ് ഫാസിലിൻറ്റെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. 2021 ഡിസംബർ 17 ന് ആയിരുന്നു ചിത്രത്തിൻറ്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. തിയേറ്റർ റിലീസിനു പിന്നാലെ ആമസോൺ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു.
അല്ലു അർജ്ജുൻറ്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് പുഷ്പ.
ഉൾക്കാടുകളിൽ ചന്ദനക്കൊള്ള നടത്തുന്ന കള്ളകടത്തുകാരൻ പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ സിനിമയിൽ അവതരിപ്പിക്കുന്നത്. സുകുമാർ രചനയും സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ്, ദയാനന്ത് റെഡ്ഡി തുടങ്ങീ നിരവധി താരങ്ങളും അണിനിരന്നിരുന്നു. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രീ മൂവിസിൻറ്റെ ബാനറിൽ രവിശങ്കർ യലമഞ്ചിലി നവീൻ യെർനെനി എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ നിർമ്മാണം.