കാളിദാസനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ തോന്നി : വിദ്യാ ബാലൻ

ബാലതാരമായാണ് കാളിദാസ് ജയറാം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഇതിനോടകം പത്തോളം ചിത്രങ്ങളിൽ കാളിദാസ് അഭിനയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ കാളിദാസൻറ്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ. കാളിദാസൻറ്റെ പാവ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിലെ അഭിനയത്തെക്കുറിച്ചാണ് വിദ്യാ ബാലൻ വാചാലയായത്.

ചിത്രത്തിൽ കാളിദാസ് കരയുന്നത് കണ്ടപ്പോൾ തനിക്ക് കാളിദാസനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ തോന്നി എന്നാണ് വിദ്യാ പറഞ്ഞത്. സിനിമ കണ്ടതിനു ശേഷം ഉടൻ തന്നെ സംവിധായകനെ വിളിച്ച് കാളിദാസൻറ്റെ നമ്പർ വാങ്ങിയെന്നും കാളിദാസനെ വിളിച്ച് അഭിനന്ദിച്ചെന്നും വിദ്യാ പറഞ്ഞു. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിൽ സത്താർ എന്ന ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. 2020 ൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം ഇറങ്ങിയതിനി പിന്നാലെ നിരവധി പേർ കാളിദാസൻറ്റെ അഭിനയത്തെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കാളിദാസൻറ്റെ കരിയർ ബെസ്റ്റ് കഥാപാത്രം തന്നെയായിരുന്നു സത്താർ.
യൂട്യൂബിൽ രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിലാണ് വിദ്യാ ബാലൻ കാളിദാസനെക്കുറിച്ച് പറഞ്ഞത്. വിദ്യയുടെ പുതിയ ചിത്രമായ ഷേർണിയെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. ചിത്രത്തിൽ ഒരു ഫോറസ്റ്റ് ഓഫീസറായിട്ടാണ് വിദ്യാ എത്തുന്നത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം വിദ്യാ ബോളിവുഡിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടി ആയിരുന്നു ഷേർണി. ന്യൂട്ടൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത്ത് മസുർക്കർ സംവിധാനം ചെയ്ത ചിത്രം ടി സീരീസാണ് നിർമ്മിച്ചത്. മധ്യപ്രദേശിലെ കാടുകളിൽ വച്ചായിരുന്നു ചിത്രത്തിൻറ്റെ ഷൂട്ടിംഗ്