മോഹൻലാലിനൊപ്പം മാസ് എൻറ്റർടെയ്നർ ചിത്രവുമായി വിനയൻ

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് സംവിധായകൻ വിനയൻ. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വിനയൻ. ചിത്രം ഒരു മാസ് എൻറ്റർടെയ്നർ ആയിരിക്കുമെന്നാണ് വിനയൻ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് വിനയൻ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
മോഹൻലാൽ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയുമായി സിനിമ ചെയ്യണമെന്നാണ് വിചാരിച്ചിരിക്കുന്നത്. സിനിമ ചെയ്യാൻ വേണ്ടിയിട്ട് ഒരു ചെറിയ സിനിമ ചെയ്യാൻ എനിക്കു താത്പര്യമില്ല. അതുകൊണ്ട് ഒരു മാസ് എൻറ്റർടെയ്നർ ചിത്രമാണ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ബാറോസിനു ശേഷം മാത്രമേ ഈ ചിത്രം ആരംഭിക്കുകയുള്ളൂ. ചിത്രത്തിൻറ്റം കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല. മോഹൻലാൽ നായകനായെത്തുന്ന സിനിമ ആയതിനാൽ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു ചിത്രം ആവണം ഇത്. ഇപ്പോൾ രണ്ട് കഥകളാണ് മനസ്സിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിനേക്കാളും വലിയ ചിത്രം ആയിരിക്കും ഇത് എന്നും വിനയൻ പറഞ്ഞു.

ഈ വർഷം അവസാനത്തോടെ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചനകൾ. നിലവിൽ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിംഗിലാണ് മോഹൻലാൽ. ഹൈദരബാദിലാണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ് നടക്കുന്നത്. മരക്കാർ അറബിക്കടലിൻറ്റെ സിംഹം ഇപ്പോൾ റിലീസ് കാത്തിരിക്കുകയാണ്. ഇവയ്ക്കു പുറമേ മോഹൻലാൽ സംവിധായകനാകുന്ന ബാറോസ്, ലൂസിഫറിൻറ്റെ രണ്ടാം ഭാഗമായ എമ്പുരാൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇനി മോഹൻലാലിൻറ്റെ പുറത്തിറങ്ങാനുള്ളത്.

നിലവിൽ വിനയൻറ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിത്സനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ രചന നിർവഹിക്കുന്നതും വിനയൻ തന്നെയാണ്.