ബോളിവുഡ് റീമേക്കിന് ഒരുങ്ങി സെന്തിൽ കൃഷ്ണ നായകനായ പുതിയ ചിത്രം ഉടുമ്പ്

സെന്തിൽ കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഉടുമ്പ്. ഇപ്പോഴിതാ ചിത്രം റിലീസ് ആകുന്നതിന് മുമ്പ് തന്നെ മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാൻ തയ്യാറെടുക്കുകയാണ്. ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. കണ്ണൻ താമരക്കുളം തന്നെയാണ് ഈ ചിത്രം ബോളിവുഡിലും സംവിധാനം ചെയ്യുന്നത്.

ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സെന്തിൽ കൃഷ്ണയ്ക്ക് പുറമേ ഹരീഷ് പേരടി, അലൻസിയർ ലോപ്പസ്, സാജൻ സുദർശൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ പുതുമുഖങ്ങളായ യാമി സോനയും ആഞ്ജലീന ലിവിങ്സ്റ്റനുമാണ് നായികമാരായി എത്തുന്നത്. ഇവർക്കുപുറമേ ചിത്രത്തിൽ ബൈജു, മൻരാജ്, മുഹമ്മദ് ഫൈസൽ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ശ്രേയ അയ്യർ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്.

24 മോഷൻ ഫിലിംസും കെ റ്റി ഹൌസും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംങ് വി ടി ശ്രീജിത്ത് എന്നിവരും നിർവ്വഹിക്കുന്നു. രാജീവ് ആലുങ്കൽ, ഹരി നാരയണൻ, കണ്ണൻ താമരക്കുളം എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സാനന്ദ് ജോർജ് ഗ്രേസാണ്. ചിത്രത്തിൻറ്റെ ആക്ഷൻ ബ്രൂസ്ലി രാജേഷ്, കലാസംവിധാനം സഹസ് ബാല, മേക്കപ്പ് പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം സുൽത്താന റസാഖ്, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി എന്നിവർ നിർവ്വഹിക്കുന്നു.