നടൻ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ടൊവീനോയുടെ നായികയായി കീർത്തി സുരേഷ് എത്തുന്നു. വാശി എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. തമിഴിലും തെലുങ്കിലും സജീവമായിരുന്ന കീർത്തി സുരേഷ് ഏറെക്കാലത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
നടൻ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിഷ്ണു തന്നെ ആണ് ചിത്രത്തിൻറ്റെ തിരക്കഥയും ഒരുക്കുന്നത്. കഥ – ജാനിസ് ചാക്കോ സൈമൺ. രേവതി കലാമന്ദിറിൻറ്റെ ബാനറിൽ കീർത്തി സുരേഷിൻറ്റെ പിതാവും നിർമ്മാതാവുമായ ജി സുരേഷ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 17 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തിരുവനന്തപുരത്താണ് ചിത്രത്തിൻറ്റെ ആദ്യ ഘട്ട ചിത്രീകരണം നടക്കുന്നത്.
ടൊവീനോയ്ക്കും കീർത്തി സുരേഷിനും പുറമേ നന്ദു, അനു മോഹൻ, ബൈജു സന്തോഷ്, കൃഷ്ണൻ സോപാനം, റോണി, കോട്ടയം രമേഷ് മുകുന്ദൻ, അങ്കിത്ത്, ശ്രീലക്ഷ്മി, മായാ വിശ്വനാഥ്, മായാ മോനോൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കൈലാസ് മോനോൻ ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. റോബി വർഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണൻ. കലാസംവിധാനം മഹേഷ് ശ്രീധർ. കോസ്റ്റ്യൂം ഡിസൈൻ ദിവ്യാ ജോർജ്. മേക്കപ്പ് പി വി ശങ്കർ. കോ പ്രൊഡ്യൂസേഴ്സ് മേനക സുരേഷ്, രേവതി സുരേഷ്.
കാണെക്കാണെ ആണ് ടൊവീനോയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. അതേസമയം മിന്നൽ മുരളി, അജയൻറ്റെ രണ്ടാം മോഷണം, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങളും ടൊവീനോയുടെ ഇനി പുറത്തിറങ്ങാനുണ്ട്.