സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 67. മാസ്റ്റർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് പുറത്തിറങ്ങിയ മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ തെന്നിന്ത്യൻ താരം സാമന്തയും അഭിനയിക്കുന്നുണ്ട് എന്നതാണ് പുതിയ വാർത്ത. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ സാമന്തയും വിജയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. തെരി, കത്തി, മെർസൽ എന്നീ ചിത്രങ്ങളിലാണ് ഇരുവരും മുമ്പ് ഒരുമിച്ച് അഭിനയിച്ചത്.
ഒരു നെഗറ്റീവ് റോളാണ് സാമന്തയുടേത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒരു പോലീസ് കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രത്തെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിവരം.
ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഈ വർഷം ഒക്ടോബറോടെ ആരംഭിക്കുമെന്നാണ് സൂചന. ലളിത് കുമാർ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത താരം സഞ്ജയ് ദത്ത് ആണ് ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത്.
ബീസ്റ്റ് ആണ് വിജയിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നെൽസൺ ദിലീപ് കുമാർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ആദ്യ രണ്ടു ദിവസങ്ങൾ കൊണ്ടു തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയെങ്കിലും ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതേസമയം കാതുവാക്കുള്ള രണ്ട് കാതൽ ആണ് സാമന്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.