സമ്മർ ഇൻ ബത്ലഹേം രണ്ടാം ഭാഗം വരുന്നു. പ്രഖ്യാപനവുമായി നിർമ്മാതാവ്.

മലയാളികൾ ഇന്നും ആവർത്തിച്ചു കാണുന്ന ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ആണ് ചിത്രം സംവിധാനം ചെയ്തത്. രഞ്ജിത്ത് ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ ജയറാമിന് പൂച്ചയെ അയച്ച പെൺകുട്ടി ആരാണെന്നു വെളിപ്പെടുത്താതെയാണ് സിനിമ അവസാനിക്കുന്നത്. ആ ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല.

1998 ൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം പുറത്തിറങ്ങി 24 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തെ സംബന്ധിച്ച് പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൻറ്റെ നിർമ്മാതാവ്.

സിയാദ് കോക്കർ ആയിരുന്നു ചിത്രം നിർമ്മിച്ചത്. ഇപ്പോൾ മഞ്ജു വാര്യരും ജയസൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിൻറ്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് നിർമ്മാതാവ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തിൻറ്റെ രണ്ടാം ഭാഗം വരുന്നു എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സമ്മർ ഇൻ ബത്ലഹേം രണ്ടാം ഭാഗത്തിൽ മഞ്ജു വാര്യരും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

മഞ്ജു വാര്യരും താനും ഒരു കുടുംബം പോലെയാണെന്നും മഞ്ജുവിൻറ്റെ കൂടെ ഒരു സിനിമ ചെയ്യാൻ മാത്രമാണ് തനിക്ക് സാധിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ പുറത്തിറങ്ങിയതു മുതൽ പ്രേക്ഷകർ ആവർത്തിച്ചു ചോദിക്കുന്ന ചോദ്യമാണ് ചിത്രത്തിനു രണ്ടാം ഭാഗം എത്തുമോ എന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ഈ ചോദ്യത്തിനുള്ള മറുപടി ആണ് ലഭിച്ചിരിക്കുന്നത്. ഏതായാലും ഈ വാർത്ത ചിത്രത്തിൻറ്റെ ആരാധകർ ഇപ്പോൾ തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ഒപ്പം ജയറാമിനു പൂച്ചയെ അയച്ച പെൺകുട്ടിയെ കണ്ടുപിടിക്കാമെന്ന പ്രതീക്ഷയിലുമാണ് ആരാധകർ.