കെജിഎഫിന് ശേഷം പ്രതിഫലമുയർത്തി ശ്രീനിധി ഷെട്ടി

പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീനിധി ഷെട്ടി. 2022 ലെ ഏറ്റവും വലിയ ഇന്ത്യൻ സിനിമ കൂടിയായിരുന്നു കെജിഎഫ് 2. ചിത്രത്തിൻറ്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. ഇപ്പോഴിതാ ചിത്രം വിജയിച്ചതിന് പിന്നാലെ പുതിയ ചിത്രങ്ങൾക്ക് വേണ്ടി ശ്രീനിധി ഷെട്ടി പ്രതിഫലമുയർത്തി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ചിയാൻ വിക്രം നായകനായി എത്തുന്ന കോബ്ര എന്ന ചിത്രമാണ് ശ്രീനിധിയുടെ ഏറ്റവും പുതിയ ചിത്രം. തമിഴ് സിനിമയിലേയ്ക്കുള്ള ശ്രീനിധിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിനുവേണ്ടി ശ്രീനിധി റെക്കോഡ് പ്രതിഫലമാണ് വാങ്ങുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 6 മുതൽ 7 കോടി വരെയാണ് ചിത്രത്തിനായി താരം വാങ്ങുന്ന പ്രതിഫലം. ഏകദേശം 3 കോടി രൂപയാണ് ശ്രീനിധി പ്രതിഫലമായി കെജിഎഫ് ചാപ്റ്റർ 2വിൽ വാങ്ങിയത്. ഇപ്പോൾ താരം പ്രതിഫലം ഇരട്ടി ആക്കിയിരിക്കുകയാണ്.

മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേക്ക് കടന്നു വന്ന താരമാണ് ശ്രീനിധി ഷെട്ടി. മിസ് സൂപ്പർ നാഷണൽ ഉൾപ്പെടയുള്ള നിരവധി സൌന്ദര്യ മത്സരങ്ങളിലും താരം വിജയിയായിരുന്നു. 2018ൽ പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റർ 1 ആണ് ശ്രീനിധിയുടെ ആദ്യ സിനിമ. ചിത്രത്തിൻറ്റെ രണ്ടാം ഭാഗത്തിലും താരം എത്തിയിരുന്നു. ഏപ്രിൽ 14 നാണ് കെജിഎഫ് രണ്ടാം ഭാഗം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതൽ നിരവധി റെക്കോർഡുകൾ ചിത്രം ഭേദിച്ചിരുന്നു. ആദ്യ രണ്ടു ദിവസങ്ങൾക്കൊണ്ടു തന്നെ ഇന്ത്യയിൽ നിന്നു മാത്രമായി ചിത്രം നേടിയത് 240 കോടിയാണ്. ചിത്രത്തിൻറ്റെ മൂന്നാം ഭാഗത്തിൻറ്റെ ഷൂട്ടിംങ് ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.