‘ നമ്മൾ ‘ സിനിമയിൽ ആരുമറിയാതെ ബസിൽ ഇരുന്നയാൾ, ഷൈൻ ടോം ചാക്കോ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് ഇങ്ങനെ
മലയാളത്തിലെ യുവനടമ്മാരിൽ ഏറെ ശ്രദ്ധേയനായ നടനാണ് ഷൈൻ ടോം ചാക്കോ. നായകനും പ്രതിനായകനും സഹനടനും ഒക്കെയായി നിരവധി വേഷങ്ങൾ ഷൈൻ മലയാള സിനിമയിൽ ചെയ്തിട്ടുണ്ട്. കൈയിൽ കിട്ടിയ കഥാപാത്രങ്ങളെയെല്ലാം ഷൈൻ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. സഹസംവിധായകൻറ്റെ വേഷത്തിലായിരുന്നു ഷൈൻ മലയാള സിനിമയിൽ എത്തിയത്.
2011 ൽ പുറത്തിറങ്ങിയ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് ഷൈൻ തൻറ്റെ അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. പിന്നീട് ഇതിഹാസ, ചാപ്റ്റേഴ്സ്, അന്നയും റസൂലും, കമ്മട്ടിപ്പാടം, ആൻമരിയ കലിപ്പിലാണ്, ഗോധ, പറവ, ടിയാൻ, പകിട, വർണ്യത്തിൽ ആശങ്ക, മായാനദി, ഇഷ്ക്, ഉണ്ട, കെട്ടിയോളാണ് എൻറ്റെ മാലാഖ, മണിയറയിലെ അശോകൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി മാറി. ലൌ, ഓപ്പറേഷൻ ജാവ എന്നിവയാണ് ഷൈനിൻറ്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രങ്ങൾ.
എന്നാൽ ഷൈനിൻറ്റെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഗദ്ദാമ എന്ന ചിത്രത്തിനും മുൻപ് നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഷൈൻ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അടുത്തിടെ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് നമ്മൾ എന്ന സിനിമയിൽ അസിസ്റ്റൻറ്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. സിനിമയിൽ സിദ്ധാർത്ഥ് ഭരതൻ ചായ വിൽക്കുന്ന ഒരു സീൻ ഉണ്ട്. ബസ്സ്റ്റാൻഡിൽ ചായ വിറ്റുകൊണ്ടിരിക്കുമ്പോൾ സുഹാസിനി മാം വന്ന് സിദ്ധാർത്ഥിനെ കെട്ടിപ്പിടിക്കുന്നതാണ് രംഗം.
ആ സമയത്ത് ബസിൽ ഇരുന്ന് ചായ വാങ്ങുന്ന ആളുടെ തൊട്ടുപുറകിലെ സീറ്റിൽ ഇരിക്കുന്നത് താനാണെന്നാണ് ഷൈൻ പറഞ്ഞത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.ജിന്ന്, തമി, വെള്ളേപ്പം, കുറുപ്പ്, അടി, റോയ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ഷൈനിൻറ്റെ ഇനി റിലീസാവാൻ ഇരിക്കുന്നത്. ഇളയദളപതി വിജയിയുടെ 65 -ാം ചിത്രമായ ദളപതി 65 ലും ഷൈൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.