സിനിമ ഉപേക്ഷിച്ചതിൽ നഷ്ടബോധമില്ല | കാര്യം വ്യക്തമാക്കി ശാലിനി അജിത്ത്

ധാരാളം ആരാധകരുള്ള ഒരു നടിയാണ് ശാലിനി. നിറം, അനിയത്തി പ്രാവ്, പ്രേം പൂജാരി, സുന്ദര കില്ലാടി തുടങ്ങീയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശാലിനി. മലയാളത്തിന് പുറമേ നിരവധി തമിഴ് സിനിമകളിലും നായികയായി ശാലിനി വേഷമിട്ടിരുന്നു. വിജയ്, അജിത്ത്, മാധവൻ തുടങ്ങീ നിരവധി താരങ്ങളുടെ നായികയായി വേഷമിട്ടയാളാണ് ശാലിനി. ബാലതാരമായി സിനിമയിലെത്തിയ നടി പിന്നീട് ഒട്ടേറേ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

തമിഴ് നടൻ അജിത്തിനെ വിവാഹം കഴിച്ചതോടെ ശാലിനി അഭിനയത്തിൽ നിന്നും പിന്മാറിയിരുന്നു. വിവാഹ ശേഷവും താരം അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ശാലിനി അത് നിഷേധിച്ചിരുന്നു. ഇപ്പോഴിതാ സിനിമാ ജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം വ്യക്തമാക്കിയിരിക്കുകയാണ് താരം.

പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭർത്താവാണ് എനിക്കുള്ളത്. സ്കൂളിൽ പോകുന്ന രണ്ട് കുട്ടികളുമുണ്ട്. ഇവയെല്ലാം മാനേജ് ചെയ്യേണ്ടതുണ്ട്. അതുക്കൊണ്ട് തന്നെ ക്യാമറയ്ക്ക് മുൻപിൽ അഭിനയിക്കുവാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. പല നടിമാരും തങ്ങളുടെ വിവാഹ ശേഷം കുട്ടികളുമൊക്കെയായി കഴിഞ്ഞ് സിനിമയിലേക്ക് മടങ്ങി വരാറുണ്ട്. അവരോടൊക്കെ വലിയ ബഹുമാനമാണ് ഉള്ളത്. പക്ഷേ എനിക്ക് അത് സാധ്യമാണെന്ന് തോന്നുന്നില്ല. സിനിമ ഉപേക്ഷിച്ചതിൽ നഷ്ടബോധം ഇല്ല. ഉത്തരവാദിത്വമുള്ള ഒരു ഭാര്യയായ, അമ്മയായ ഈ ഒരു ജീവിതം വളരെ ആസ്വാദ്യകരമാണ്. എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്ന ദമ്പതികളാണ് ഞങ്ങൾ. ഒന്നും മറച്ച് പിടിക്കാറില്ല. മാത്രമല്ല ഒരാൾ പറയുന്നത് മറ്റെയാൾ അനുസരിക്കണമെന്ന് നിർബന്ധ ബുദ്ധിയും ഇല്ല. ഞങ്ങൾ രണ്ട് പേരും തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരാണ്. എന്തു തരം പ്രശ്നങ്ങളായാലും അത് അവിടെ തന്നെ തീരും.