തിങ്കളാഴ്‌ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. പദ്മിനി എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ ആണ് ചിത്രത്തിലെ നായകൻ. ചാക്കോച്ചൻറ്റെ കഥാപാത്രത്തിൻറ്റെ പേരാണ് ചിത്രത്തിൻറ്റെ ടൈറ്റിൽ.
കുഞ്ഞിരാമായണം എന്ന ചിത്രത്തിൻറ്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് ചിത്രത്തിൻറ്റെ രചന നിർവഹിക്കുന്നത്. മമ്മൂട്ടി ചിത്രം പ്രീസ്റ്റിൻറ്റെ സഹ രചയിതാവു കൂടിയായിരുന്നു ദീപു. കുഞ്ഞിരാമായണം, കൽക്കി, എബി എന്നീ ചിത്രങ്ങളൊരുക്കിയ ലിറ്റിൽ ബിഗ് ഫിലിംസിൻറ്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ഏറെ ആവേശത്തോടു കൂടിയാണ് താൻ ഈ ചിത്രത്തിൻറ്റെ ഭാഗമാകുന്നതെന്ന് ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശ്രീരാജ് രവിചന്ദ്രൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. ജേക്സ് ബിജോയ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മാർക്കറ്റിംഗ് എൻറ്റർടെയ്ൻമൻറ്റ് കോർണർ.
മലയാളത്തിലെ സമീപകാല ഒടിടി ചിത്രങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു തിങ്കളാഴ്‌ച നിശ്ചയം. കഥേയോണ്ട് ഷുരുവാഗിഡേ എന്ന കന്നഡ ഫീച്ചർ ചിത്രത്തിലൂടെ ആണ് സെന്ന ഹെഗ്ഡെ സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. 2018 ലാണ് ചിത്രം പുറത്തിറങ്ങുന്നത്.
അതേസമയം കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമൻറ്റെ വഴി എന്ന ചിത്രത്തിൻറ്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനു പുറമേ പട, ഒറ്റ്, ന്നാ താൻ കേസ് കൊട്, നീലവെളിച്ചം, അറിയിപ്പ്, എന്താടാ സജി തുടങ്ങി നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻറ്റേതായി അണിയറയിൽ ഒരുങ്ങുന്നത്.