ധനൂഷിൻറ്റെ നായികയാകാൻ സംയുക്ത മേനോൻ.

ധനൂഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വാത്തി’. വെങ്കി അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം സംയുക്ത മേനോൻ ആണ് ചിത്രത്തിൽ ധനൂഷിൻറ്റെ നായിക. സിനിമയുടെ പൂജ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സംയുക്ത തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവച്ചത്.
ജനുവരി അഞ്ചിനാണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ധനൂഷിൻറ്റെ ആദ്യ തെലുങ്ക് ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വെങ്കി അറ്റ്ലൂരി തന്നെ ആണ് ചിത്രത്തിൻറ്റെ തിരക്കഥയും ഒരുക്കുന്നത്.
നാഗവംശി എസും സായ് സൌജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേഷ് കൃഷ്ണൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രാഹകൻ.
തികച്ചും വേറിട്ട ഒരു കഥാപാത്രമാണ് ധനൂഷിൻറ്റേത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ധനൂഷിനും സംയുക്തക്കും പുറമേ ചിത്രത്തിലുള്ള മറ്റു താരങ്ങളുടെ പേരുകളൊന്നും പുറത്തുവിട്ടിട്ടില്ല.
തീവണ്ടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾക്കു സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ. പിന്നീട് ഒരു യമണ്ടൻ പ്രേമകഥ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ തെന്നിന്ത്യയിലും തൻറ്റെ സാന്നിദ്ധ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ് താരം.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻറ്റെ തെലുങ്ക് റീമേക്കായ ബീംല നായിക്കിലും സംയുക്ത അഭിനയിക്കുന്നുണ്ട്. റാണ ദഗ്ഗുബാട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറ്റെ ഭാര്യ ആയിട്ടാണ് താരം എത്തുന്നത്. സംയുക്തയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്. മലയാളത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന കടുവയാണ് സംയുക്തയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.