പ്രതിഫലം അഞ്ച് കോടിയാക്കി സാമന്ത; നയൻതാരയ്ക്ക് ശേഷം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സാമന്ത. 12 വർഷത്തോളമായി സിനിമ ലോകത്ത് സജീവമാണ് സാമന്ത. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രദർശനത്തിനെത്തുന്ന സാമന്തയുടെ ഒട്ടുമിക്ക ചിത്രങ്ങളും ഇൻഡസ്ട്രിയിൽ ഹിറ്റായിരുന്നു. സിനിമകളെല്ലാം വിജയിച്ചതോടെ സാമന്ത തൻറ്റെ പ്രതിഫലം ഉയർത്തി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ താരത്തിൻറ്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

ഫാമിലി മാൻ 2, പുഷ്പ എന്നീ ചിത്രങ്ങൾക്ക് ശേഷം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ രണ്ടാമത് ആയിരിക്കുകയാണ് സാമന്ത. മൂന്ന് കോടി മുതൽ അഞ്ച് കോടി രൂപവരെയാണ് ഒരു ചിത്രത്തിനായി താരം വാങ്ങുന്ന പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ ദി റൈസിലെ ഐറ്റം ഡാൻസിൽ അഭിനയിക്കുന്നതിനായി സാമന്ത വാങ്ങിയ പ്രതിഫലം ഏകദേശം ഒന്നരക്കോടിയാണ്.

നിർമ്മാണക്കമ്പനികളുടെയും സിനിമാ ബജറ്റിൻറ്റെയും മറ്റ് ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് താരം തൻറ്റെ പ്രതിഫലം നിശ്ചയിക്കുന്നത്. വാണിജ്യസിനിമകൾ മാത്രമല്ല സ്ത്രീ പ്രാധാന്യമുള്ള നിരവധി സിനിമകളിലും സാമന്ത ഇപ്പോൾ അഭിനയിക്കുന്നുണ്ട്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാതുവാക്കിലെ രണ്ട് കാതലാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന സമാന്തയുടെ ചിത്രം.
എന്നാൽ തെന്നിന്ത്യയിൽ കുറച്ച് വർഷങ്ങളായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. അഞ്ച് മുതൽ ആറ് കോടി വരെയാണ് ഒരു ചിത്രത്തിനായി നയൻതാര വാങ്ങുന്ന പ്രതിഫലം. അനുഷ്ക ശർമ്മ, പൂജ ഹെഡ്ജ്, രശ്മിക മന്ദാന, കാജൽ ആഗർവാൾ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റ് തെന്നിന്ത്യൻ നായികമാർ.