നയൻതാര ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാദ്ധ്വാനിയായ വ്യക്തി : സാമന്ത
ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ‘കാത്ത് വാക്കുല രണ്ട് കാതൽ’. വിഘ്നേശ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകൻ. ഒപ്പം നയൻതാരയും സാമന്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാമന്തയുടെ ജന്മദിനം കൂടിയായ ഏപ്രിൽ 28 നാണ് ചിത്രം റിലീസ് ചെയ്തത്.
ലേഡിസൂപ്പർസ്റ്റാർ നയൻതാരയും സാമന്തയും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമ മേഖലയിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത താരങ്ങളാണ് ഇരുവരും. ഇപ്പോൾ നയൻതാരയെക്കുറിച്ച് സാമന്ത പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരമാണ് സാമന്ത. ആസ്ക് സാം എന്ന ഹാഷ് ടാഗോടെ ആരാധകർ ട്വിറ്ററിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം സാമന്ത മറുപടി നൽകാറുണ്ട്. നയൻതാരയെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്നായിരുന്നു ഒരു ആരാധകൻറ്റെ ചോദ്യം. ഈ ചോദ്യത്തിന് സാമന്ത നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നയൻതാര വളരെ ജെനുവിനായ ഒരു വ്യക്തിയാണെന്നും അവരെപ്പോലെ മറ്റൊരാളും കാണില്ലെന്നും ആത്മാർത്ഥതയും വിശ്വസ്തതയും ഉള്ള വ്യക്തിയാണെന്നും താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനിയായ ആളുകളിൽ ഒരാളാണ് നയൻതാര എന്നുമാണ് സാമന്ത നൽകിയ മറുപടി.
വിജയ് സേതുപതിക്കൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ചും സാമന്ത പങ്കുവയ്ക്കുകയുണ്ടായി. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നെന്നും അത് പൂർണ്ണമായി വിലമതിച്ചു എന്നാണ് താരം പറഞ്ഞത്.
വിജയ് സേതുപതിയും സാമന്തയും ജോഡികളായി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. വിഘ്നേശ് ശിവൻറ്റെ നാലാമത്തെ ചിത്രം ആണിത്. ഇതിനു മുമ്പ് നാനും റൌഡി താൻ എന്ന ചിത്രത്തിനായി വിഘ്നേശ് ശിവനും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു. നയൻതാര ആയിരുന്നു ചിത്രത്തിലെ നായിക.