ബിഗ് ബോസ് സീസൺ 15; അവതാരകനാവാൻ സൽമാൻ ഖാൻ വാങ്ങുന്ന പ്രതിഫലം 350 കോടി

ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ ശ്രദ്ധേയമായ ബിഗ് ബോസ് പ്രേക്ഷകർക്ക് ഏറേ പ്രിയപ്പെട്ട ഷോയാണ്. ഓരോ ബിഗ് ബോസ് വാർത്തയും പ്രേക്ഷകർ ഏറേ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ബിഗ് ബോസ് ഷോയെ കൂടുതൽ ജനപ്രീയമാക്കുന്നത് ഷോയുടെ അവതാരകർ തന്നെയാണ്. ബിഗ് ബോസ് ഓരോ ഭാഷകളിലും അവതരിപ്പിക്കുന്നത് അതാത് ഭാഷകളിൽ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളാണ്.

മലയാളത്തിൽ അത് മോഹൻലാൽ ആണെങ്കിൽ ഹിന്ദിയിൽ അത് സൽമാൻ ഖാനാണ്. ബിഗ് ബോസ് ഷോയ്ക്കുവേണ്ടി താരങ്ങൾ വാങ്ങുന്ന പ്രതിഫലം ആരാധകർക്കിടയിൽ എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 15ന് സൽമാൻ ഖാൻ വാങ്ങുന്ന പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

സീസൺ 15ന് സൽമാൽ ഖാൻ വാങ്ങുന്നത് 350 കോടി രൂപയാണെന്നാണ് ലെറ്റ്സ് ഒടിടി ഗ്ലോബൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. 14 ആഴ്ച നീണ്ടുനിൽക്കുന്ന ഷോയിൽ പങ്കെടുക്കുന്നതിനാണ് 350 കോടി രൂപ താരം പ്രതിഫലമായി വാങ്ങുന്നത്. ഹിന്ദി ബിഗ് ബോസിൻറ്റെ നാലാം സീസൺ മുതൽ സൽമാൻ ഖാനാണ് ഷോ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് 4,5,6 സീസണുകളിൽ എപ്പിസോഡിന് 2.5 കോടിയാണ് സൽമാൻ ഖാൻ പ്രതിഫലം വാങ്ങുന്നതെന്ന് നേരത്തെ ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് സീസൺ 7ൽ എപ്പിസോഡിന് 5 കോടിയും സീസൺ 8ൽ എപ്പിസോഡിന് 5.5 കോടിയും സീസൺ 9ൽ എപ്പിസോഡിന് 7-8 കോടിയും സീസൺ 10ൽ എപ്പിസോഡ് ഒന്നിന് 8 കോടിയും സൽമാൻ ഖാൻ പ്രതിഫലമായി വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

11-ാം സീസണിൽ എപ്പിസോഡ് ഒന്നിന് 11 കോടിയാണ് സൽമാൻ ഖാൻറ്റെ പ്രതിഫലമെന്ന വാർത്ത നേരത്തെ അദ്ധേഹം നിരസിച്ചിരുന്നു. സീസൺ 13ന് ഒരു ദിവസത്തെ ഷൂട്ടിംങിന് 11 കോടിയായിരുന്നു സൽമാൻ ഖാൻറ്റെ പ്രതിഫലമെങ്കിൽ കഴിഞ്ഞ സീസണിൽ അദ്ധേഹം എപ്പിസോഡിന് 6.5 കോടി വീതമാണ് വാങ്ങിയതെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ നിർമ്മാതാക്കളോ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളോ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.