തമിഴിലും തെലുങ്കിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മിക മന്ദാന. എന്നാൽ അടുത്തതായി ദുൽഖർ സൽമാൻ ചിത്രത്തിൽ രശ്മിക അഭിനയിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്.
ദുൽഖർ സൽമാനെ നായകനാക്കി അന്താല രാക്ഷസി ഫെയിം അനു രാഘവ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് രശ്മിക അടുത്തതായി അഭിനയിക്കുന്നത്. അതിഥി വേഷത്തിലാണ് രശ്മിക എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വളരെ അധികം പ്രാധാന്യമുള്ളതും ദൈർഘ്യമുള്ളതുമായ ഒരു കഥാപാത്രമാണ്.
ലഫ്റ്റനൻറ്റ് കേണൽ റാം എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉത്തരേന്ത്യൻ സുന്ദരി മൃണാൾ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രത്തെ ആണ് മൃണാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ കഥയെ വളരെ അധികം ഹൈലൈറ്റ് ചെയ്യുന്ന ഒരു കഥാപാത്രം ആണ് രശ്മികയുടേത്. തെന്നിന്ത്യൻ താരറാണി എന്ന പദവിയിലേക്ക് ഉയർന്നതിനു ശേഷം രശ്മിക ആദ്യമായി അതിഥി വേഷത്തിൽ എത്തുന്ന ചിത്രം കൂടി ആണ് ഇത്.
പ്രൊഡക്ഷൻ നമ്പർ സെവൻ എന്നാണ് ചിത്രത്തിനു താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. ദുൽഖർ ആദ്യമായി ഒരു പട്ടാളക്കാരൻറ്റെ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 1960 ൽ ജമ്മു കാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിൻറ്റെ പ്രമേയം എന്നും ദുൽഖറിനു വേണ്ടി തന്നെ എഴുതിയ കഥാപാത്രമാണ് ഇതെന്നും മറ്റൊരു നടനെയും താൻ ഈ സിനിമയ്ക്കു വേണ്ടി ആലോചിച്ചിട്ടില്ല എന്നും സംവിധായകൻ ഹനു രാഘവപ്പുടി മുമ്പു പറഞ്ഞിരുന്നു.
മലയാളം, തെലുങ്ക്, തമിഴ് എന്നീ മുന്നു ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പി എസ് വിനോദ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം. ഹൈദരബാദും കാശ്മീരുമാണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷൻ.