പുഷ്പ തനിക്ക് സ്വപ്നസാക്ഷാത്കാരം ;അല്ലു അർജുനൊപ്പം 100 സിനിമകൾ കൂടി ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്ന് രശ്മിക മന്ദാന

തെന്നിന്ത്യൻ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിൻറ്റെ ആദ്യഭാഗം ഈ മാസം 17ന് റിലീസിനെത്തുകയാണ്. പ്രഖ്യാപനസമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ഇതാദ്യമായാണ് അല്ലു അർജുൻറ്റെ നായികയായി രശ്മിക എത്തുന്നത്. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള രാഷ്മികയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്വപ്നസാക്ഷാത്കാരം എന്നാണ് പുഷ്പയിലെ വേഷത്തെക്കുറിച്ച് രശ്മിക അഭിപ്രായപ്പെടുന്നത്.
“എൻറ്റെയും അല്ലുവിൻറ്റെയും കെമിസ്ട്രി സ്ക്രീനിൽ നന്നായി വർക്ക് ഔട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അല്ലുവിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. സഹനടനെന്ന നിലയിൽ അദ്ധേഹത്തിൻറ്റെ പ്രവർത്തനരീതി മികച്ചതാണ്. അദ്ദേഹത്തോടൊപ്പം 100 സിനിമകൾ കൂടി ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും” താരം വ്യക്തമാക്കി. “കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നടിയും അനുഭവം കൊണ്ട് മെച്ചപ്പെട്ടൊരു വ്യക്തിയുമായി മാറിയതിൽ ഞാൻ അഭിമാനിക്കുന്നു. ഗീതാഗോവിന്ദത്തിൻറ്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ അല്ലു അർജുൻ മുഖ്യാതിഥിയായിരുന്നു. അന്ന് എന്നെങ്കിലും എനിക്ക് അല്ലു അർജുനൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതിയിരുന്നോ! എന്നാൽ ഇപ്പോൾ ഞാനദ്ദേഹത്തിൻറ്റെ സിനിമയുടെ ഭാഗമാണ് അതിൻറ്റെ പ്രചരണത്തിലാണ്. അതിനാൽ തന്നെ ഇതെന്നെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ഒരു സ്വപ്നസാക്ഷാത്കാര നിമിഷമാണ്.”
തൻറ്റെ കഥാപാത്രത്തെക്കുറിച്ചും രശ്മിക വ്യക്തമാക്കി. “ആദ്യമായാണ് ഞാനൊരു പരുക്കൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സിനിമ എന്ന നിലയിൽ പുഷ്പ വളരെ പച്ചയായ ചിത്രമാണ്. സംവിധായകൻ സുകുമാർ സിനിമയ്ക്കായി ഒരു പ്രത്യേക ലോകം സൃഷ്ടിച്ചു. ഇത് മുൻപു വന്നതുപോലൊരു ചിത്രമല്ല. ഞാൻ പ്രീ-റിലീസ് ഇവൻറ്റിൽ പറഞ്ഞതുപോലെ പുഷ്പ എൻറ്റെ ശ്രീവല്ലിക്കുള്ളതാണ്.” വളരെ കൌശലക്കാരിയായ കഥാപാത്രമാണ് ശ്രീവല്ലിയെന്നും താരം പറഞ്ഞു.