ബോളിവുഡിൽ ചുവടുറപ്പിച്ച് രശ്മിക മന്ദാന; അടുത്ത ചിത്രം രൺബീർ കപൂറിനൊപ്പം

തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. ഇൻറ്റസ്ട്രിയിൽ എത്തിയത് മുതൽ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച് ബോളിവുഡിലും രശ്മിക തൻറ്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ തൻറ്റെ ആദ്യ ബോളിവുഡ് ചിത്രം റിലീസ് ആകുന്നതിന് മുമ്പേ തൻറ്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. രൺബീർ കപൂർ നായകനായി എത്തുന്ന ആനിമൽ ആണ് രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം.

സന്ദീപ് റെഡ്ഡി വാങ്ക ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനിമൽ. അനിൽ കപൂറും ബോബി ഡിയേളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ട് താരങ്ങൾ. വൈലൻസുള്ള കഥാപാത്രമായാണ് രൺബീർ ചിത്രത്തിലെത്തുന്നത് എന്നാണ് സൂചന. നേരത്തെ ചിത്രത്തിൽ പരിനീതി ചോപ്ര നായികയായി എത്തുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ഇംതിയാസ് അലിയുടെ പുതിയ ചിത്രം ചംകീലയ്ക്ക് വേണ്ടി പരിനീതി ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. പരിനീതിയ്ക്ക് പകരമാണ് രശ്മിക ചിത്രത്തിൽ നായികയായി എത്തുന്നത്. അടുത്ത വർഷം ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് സൂചന.

അതേസമയം രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രമായ മിഷൻ മജ്നു ഈ വർഷം തന്നെ റിലീസിന് എത്തുന്നതാണ്. സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അമിതാഭ് ബച്ചനൊപ്പമുള്ള ഗുഡ് ബൈ എന്ന ചിത്രവും രശ്മികയുടേതായി ഇനി പുറത്തുവരാനുണ്ട്. ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള രൺബീർ കപൂർ ചിത്രം. ആലിയ ഭട്ട് നായികയായി എത്തുന്ന ചിത്രത്തിൻറ്റെ റിലീസ് സെപ്റ്റംബർ 9നാണ്.