ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് നായാട്ട്. തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം കോവിഡ് രൂക്ഷമായതോടെ ഒടിടി പ്ലാറ്റ് ഫോമിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് പോലീസ്കാരുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. മണിയൻ എന്ന പോലീസ് കഥാപാത്രത്തെയാണ് ജോജു ഈ സിനിമയിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ ഈ കഥാപാത്രം ഏറേ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമാതാരങ്ങൾ ഉൾപ്പെടെ ധാരാളം ആളുകളാണ് ജോജുവിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ പ്രശസ്ത സിനിമ നടൻ രാജ്കുമാർ റാവു ജോജുവിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്.“എന്തൊരു ഗംഭീര പ്രകടനമാണ് സർ. സിനിമയും ഒരുപാട് ഇഷ്ടമായി. നിങ്ങൾക്ക് കൂടുതൽ ശക്തി നേരുന്നു. ഇതുപോലെയുള്ള ഗംഭീര പ്രകടനങ്ങളിലൂടെ ഞങ്ങളെ തുടർന്നും ഇതുപോലെ പ്രചോദിപ്പിക്കണം സർ” എന്നായിരുന്നു രാജ്കുമാർ റാവു ജോജുവിന് അയച്ച സന്ദേശം. ഇതിൻറ്റെ സ്ക്രീൻ ഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ജോജു.
തനിക്ക് തീർത്തും അപ്രതീക്ഷിതമായി ലഭിച്ച സന്ദേശമാണിതെന്നും നായാട്ടിന് ലഭിച്ച ആദ്യത്തെ അവാർഡ് കൂടിയാണിതെന്നും ജോജു പറഞ്ഞു. ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യ്ത ചിത്രമാണ് നായാട്ട്. ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ഷാഹി കബീർ തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണിത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. രഞ്ജിത്ത്, പി എം ശശിധരൻ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. മഹേഷ് നാരായണൻ – എഡിറ്റിംഗ്. വിഷ്ണു വിജയ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജാഫർ ഇടുക്കി, ഹരികൃഷ്ണൻ, അനിൽ നെടുമങ്ങാട്, അജിത് കോശി, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.