നടൻ റഹ്മാൻ ബോളിവുഡിലേക്ക് ;അരങ്ങേറ്റം ടൈഗർ ഷ്രോഫ് ചിത്രത്തിലൂടെ

നടൻ റഹ്മാൻ ബോളിവുഡിലേക്ക്. ടൈഗർ ഷ്രോഫ്, കൃതി സനോൺ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വികാസ് ബാൽ സംവിധാനം ചെയ്യുന്ന ഗണപത് എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻറ്റെ ബോളിവുഡ് അരങ്ങേറ്റം. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രം ഏറേ വ്യത്യസ്തതയുള്ള ഫ്യൂച്ചറിസ്റ്റിക്ക് സിനിമയാണെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ചിത്രത്തിൻറ്റെ നിർമ്മാണം വലിയ മുതൽമുടക്കിലാണ്. പൂജാ എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ലണ്ടനിൽ ഷൂട്ടിംങ് ആരംഭിച്ച ചിത്രത്തിൻറ്റെ ചിത്രീകരണം അടുത്ത വർഷം മാർച്ച് മാസത്തോടെ പൂർത്തിയാവും.

“ഷൂട്ടിംങ് തുടങ്ങുന്നതിന് മൂന്ന് മാസം മുൻപ് തന്നെ സംവിധായകനും സംഘവും ചാർട്ടിംഗ് പൂർത്തിയാക്കിയിരുന്നു. പൊതുവേ തെന്നിന്ത്യൻ ആർട്ടിസ്റ്റുകളോടും മറ്റും ബോളിവുഡുകാർക്ക് അവഗണനയാണെന്നായിരുന്നു കേട്ടറിവ്. എന്നാൽ ആ കേട്ടറിവുകൾക്ക് വിരുദ്ധമായിരുന്നു എൻറ്റെ അനുഭവം. സെറ്റിലെ പ്ലാനിംഗ്, ചിട്ട, കൃത്യനിഷ്ം, എത്ര വലിയ ആർട്ടിസ്റ്റുകളാണെങ്കിലും വലുപ്പച്ചെറുപ്പമില്ലാതെ തൊഴിലാളി, ആർട്ടിസ്റ്റ് ഭേദമന്യേ സൌഹൃദത്തോടെയുള്ള പെരുമാറ്റം ഇതൊക്കെ എന്നെ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ടൈഗർ ഷ്രോഫിൻറ്റെ എളിമയും സ്നേഹവും എത്ര പറഞ്ഞാലും മതി വരില്ല. ടൈഗറുമായി രണ്ട് ദിവസം ഇടപഴകിയാൽ നമുക്കും ഇതുപോലെ ഒരു മകനുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. കൃതിയുടെ കാര്യവും മറിച്ചല്ല. ആദ്യ ദിവസം തന്നെ ദീർഘകാല പരിചയക്കാരെ പോലെയുള്ള പെരുമാറ്റവും സ്നേഹവുമായിരുന്നു അവരുടേതും. വികാസ് ബാലും ജാടയില്ലാതെ പെരുമാറുന്ന ആളാണെന്നും” റഹ്മാൻ വ്യക്തമാക്കി.

നവാഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന സമാറായാണ് പുതുവർഷത്തിൽ ആദ്യം റിലീസ് ചെയ്യുന്ന റഹ്മാൻ ചിത്രം. തുപ്പരിവാലൻ 2, റഹ്മാൻ, ജയം രവി, അർജുൻ എന്നിവർ ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം ജന ഗണ മന എന്നീ ചിത്രങ്ങളിലാണ് റഹ്മാൻ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.