തിയേറ്റർ റിലീസിന് പിന്നാലെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ ഒരുങ്ങി അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. ജനുവരി 7-ാം തിയതി മുതൽ ചിത്രം ആമസോണിൽ സ്ട്രീമിങ് ആരംഭിക്കും. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും കന്നഡയിലും ചിത്രം ലഭ്യമാകുമെന്ന് ആമസോൺ പ്രൈം അറിയിച്ചു. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിൻറ്റെ ആദ്യ ഭാഗം ഡിസംബർ 17നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം 2021ൽ റിലീസ് ചെയ്ത ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയെന്നാണ് ചിത്രത്തിൻറ്റെ നിർമ്മാതാക്കൾ പുറത്ത് വിട്ടിരിക്കുന്ന വിവരം. ചിത്രത്തിൻറ്റെ രണ്ടാം ഭാഗവും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.
സുകുമാർ രചനയും സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ്, ദയാനന്ത് റെഡ്ഡി തുടങ്ങീ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിലിൻറ്റെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. വില്ലനായാണ് ഫഹദ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രീ മൂവിസിൻറ്റെ ബാനറിൽ രവിശങ്കർ യലമഞ്ചിലി നവീൻ യെർനെനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം മിറോസോ കുബ ബ്രോസെക് സംഗീതം ദേവി ശ്രീ പ്രസാദ് എഡിറ്റിംങ് കാർത്തിക ശ്രീനിവാസ് സൌണ്ട് ഡിസൈനർ റെസൂൽ പൂക്കുട്ടി കലാസംവിധാനം എസ് രാമകൃഷ്ണ ആക്ഷൻ പീറ്റർ ഹെയ്ൻ റാം ലക്ഷ്മണൻ എന്നിവർ നിർവ്വഹിക്കുന്നു. ഏകദേശം 250 കോടിയായിരുന്നു ചിത്രത്തിൻറ്റെ ചിലവ്.
Prev Post