മമ്മൂട്ടി നായകനായി എത്തിയ ‘പേരൻപ്’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് റാം. റാം വീണ്ടും സംവിധായകനായി എത്തുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഫൈനൽ ഷെഡ്യൂളിന് തുടക്കമായിരിക്കുകയാണ്. നിവിൻ പോളി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ഷൂട്ടിംഗ് ആണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഹാസ്യ താരം സൂരിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകനും സൂരിക്കും ഒപ്പം നിവിൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുടി നീട്ടി വളർത്തി വേറിട്ട ലുക്കിലാണ് നിവിൻ ചിത്രത്തിലുള്ളത്. തമിഴിലും നിരവധി ആരാധകരുള്ള താരമാണ് നിവിൻ പോളി. താരത്തിൻറ്റെ പുതിയ ചിത്രത്തിനായി ആകാംക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
വി ഹൌസ് പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് ചിത്രം നിർമിക്കുന്നത്. അഞ്ജലി ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
മമ്മൂട്ടി നായകനായെത്തിയ പേരൻപ്, തങ്കമീൻകൾ, തരമണി തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റിയ റാമിൻറ്റെ ചിത്രങ്ങളാണ്.
2017 ൽ പുറത്തിറങ്ങിയ ‘റിച്ചി’ ആണ് നിവിൻ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. ‘ഉളിടവാരു കണ്ടതേ’ എന്ന തെലുങ്ക് ചിത്രത്തിൻറ്റെ റീമേക്കായിരുന്നു ഇത്. അതേസമയം ‘കനകം കാമിനി കലഹം’ ആണ് നിവിൻ പോളിയുടെ ഏറ്റവും ഒടുവിൽ റിലീസായ മലയാള ചിത്രം. തുറമുഖം, പടവെട്ട് എന്നിവയാണ് നിവിൻ പോളിയുടെ ഇനി റിലീസാകാനുള്ള ചിത്രങ്ങൾ.