നിവിൻ പോളി ഇനി ശേഖരവർമ്മ രാജാവ്. ഇഷ്ക് സംവിധായകൻ പുതിയ ചിത്രവുമായി എത്തുന്നു.

കനകം കാമിനി കലഹം എന്ന ചിത്രത്തിനു ശേഷം തൻറ്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി. ശേഖരവർമ്മ രാജാവ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഇഷ്ക് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശേഖരവർമ്മ രാജാവ്.
ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. എസ് രഞ്ജിത്ത് ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയർ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നും ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അറിയിച്ചു. സിനിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേ ഉള്ളൂ.
കനകം കാമിനി കലഹം ആണ് നിവിൻ പോളിയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഗ്രേസ് ആൻറ്റണി ആയിരുന്നു ചിത്രത്തിലെ നായിക. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഈ ചിത്രവും പോളി ജൂനിയർ പിക്ചേഴ്സിൻറ്റെ ബാനറിൽ നിവിൻ പോളി തന്നെ ആണ് നിർമ്മിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.
രാജീവ് രവിയുടെ ചിത്രം തുറമുഖം, പടവെട്ട് എന്നിവയാണ് നിവിൻ പോളിയുടെ ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. പടവെട്ട് എന്ന ചിത്രത്തിൻറ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ചിത്രത്തിനു ശേഷം റാം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും നിവിൻ പോളി ആണ് നായകൻ.