‘അവൻ സംശയങ്ങൾ എഴുതിക്കൊണ്ടുവരും. ഞാൻ മറുപടി നൽകണം’. നിവിൻ പോളിയെക്കുറിച്ച് വിനീത് ശ്രീനിവാസൻ.

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് നിവിൻ പോളിയുടെയും വിനീത് ശ്രീനിവാസൻറ്റെയും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് പ്രേക്ഷകർക്കു ലഭിച്ചത്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻറ്റെയും നിവിൻ പോളി എന്ന നടൻറ്റെയും തുടങ്ങി ഒട്ടേറെ ആളുകളുടെ ജീവിതം തന്നെ മാറിമറിഞ്ഞ ചിത്രമായിരുന്നു ഇത്.
വിനീത് ശ്രീനിവാസൻറ്റെ നാല് ചിത്രങ്ങളിലാണ് നിവിൻ പോളി ഇതുവരെയും നായകനായി അഭിനയിച്ചിട്ടുള്ളത്. മലർവാടിക്കു ശേഷം അഭിയജീവിതത്തിൽ ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്നയാളാണ് നിവിൻ പോളി. വീണ്ടും വിനീത് ശ്രീനിവാസൻറ്റെ രണ്ടാമത്തെ ചിത്രമായ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ ആണ് നിവിൻ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. അവിടെ നിന്നും മലയാള സിനിമയിലെ മുൻനിര നായകമ്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഇന്ന് നിവിൻ പോളി.
എന്നാൽ നിവിൻ പോളിയുടെ ഒരു പ്രത്യേകതയെക്കുറിച്ച് വിനീത് ശ്രീനിവാസൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘നിവിൻ സിനിമയുടെ കഥ കേട്ട ശേഷം തിരക്കഥ പലപ്രാവശ്യം വായിച്ചു നോക്കും. പിന്നീട് ഷൂട്ടിംഗിനു വരുമ്പോൾ ഒരു ചെറിയ കൈപ്പുസ്തകത്തിൽ ചോദ്യങ്ങളും സംശയങ്ങളും എഴുതിക്കൊണ്ടാണ് നിവിൻ വരുന്നത്. ആ സംശയങ്ങൾക്കെല്ലാം നമ്മൾ അവന് മറുപടി നൽകണം. അല്ലെങ്കിൽ അവനുകൂടി അതു വിശ്വാസമായിരിക്കണം’.
ഇങ്ങനെ ചോദ്യങ്ങൾ എഴുതികൊണ്ടു പോകുന്നതിനുള്ള കാരണവും നിവിൻ വ്യക്തമാക്കിയിട്ടുണ്ട്. ‘കഥ വായിച്ചുകഴിയുമ്പോൾ എൻറ്റെയുള്ളിൽ പല ചോദ്യങ്ങൾ വരാറുണ്ട്. വിനീതിനോടു മാത്രമല്ല ഇതുവരെ കൂടെ പ്രവർത്തിച്ച എല്ലാ സംവിധായകരോടും ഇങ്ങനെ ചോദിക്കാറുണ്ട്. ചിലർക്കത് ഇഷ്ടപ്പെടും, ചിലർക്ക് ഇഷ്ടപ്പെടില്ല. പക്ഷേ ഞാൻ എനിക്ക് ചോദിക്കാനുള്ളത് ചോദിക്കും. സിനിമ പുറത്തിറങ്ങിയതിനു ശേഷം ചോദിച്ചിട്ടു കാര്യമില്ലല്ലോ’ എന്നാണ് നിവിൻ പറയുന്നത്.