മലയാളത്തിൻറ്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നിമിഷ സജയൻ. ഓരോ സിനിമയിലും തൻറ്റെ അഭിനയമികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്ന ഒരു താരം കൂടിയാണ് നിമിഷ. 2017ൽ തൊണ്ടി മുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മലയാള സിനിമയിലേക്ക് കടന്നുവന്നത്. തുടർന്ന് നിരവധി സിനിമകളിലും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇതാദ്യമായി മറാത്തി സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് നിമിഷ. ഹവ്വാഹവ്വായ് എന്ന ചിത്രത്തിലൂടെയാണ് നിമിഷ മറാത്തി സിനിമയിൽ അരങ്ങേറുന്നത്. മഹേഷ് തിലേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഏപ്രിൽ ഒന്നിനാണ് ചിത്രത്തിൻറ്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം നിമിഷ തൻറ്റെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെപ്പറ്റിയും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
മറാത്തി തര്ക് പ്രൊഡക്ഷൻസിൻറ്റേയും 99 പ്രൊഡക്ഷൻസിൻറ്റെയും ബാനറിൽ മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ മഹേഷ് തിലേകറാണ്. പങ്കജ് പദ്ഘാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ആശാ ഭോസ്ലെ, ഊർമിള ധമ്കർ എന്നിവരാണ്.
മാലിക് എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത നിമിഷയുടെ മലയാള ചലച്ചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ചേര, ജിന്ന്, ഒരു തെക്കൻ തല്ല് കേസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇനി നിമിഷയുടേതായി മലയാളത്തിൽ റിലീസ് ചെയ്യാനിരിക്കുന്നത്.