മലയാളികളുടെ പ്രിയ താരം നസ്രിയ നസീം നായികയായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രമാണ് അണ്ടേ സുന്ദരാനികി. റൊമാൻറ്റിക് കോമഡി ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയാണ് നായകനായി എത്തുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറ്റെ രസകരമായ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജൂൺ 10നാണ് ചിത്രത്തിൻറ്റെ റിലീസ്. തെലുങ്കിന് പുറമേ ആടാടെ സുന്ദരാ എന്ന പേരിൽ തമിഴിലും ആഹാ സുന്ദരാ എന്ന പേരിൽ മലയാളത്തിലും ചിത്രം റിലീസിന് എത്തുന്നതാണ്.
ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ഹിന്ദു യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിൻറ്റെ പ്രമേയം. സുന്ദർ എന്ന ബ്രാഹ്മണ യുവാവ് ആയാണ് നാനി ചിത്രത്തിൽ വേഷമിടുന്നത്. മലയാളി താരം നദിയ മൊയ്തുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക് അത്രേയയുടെ സംവിധാനത്തിൽ നാനി ആദ്യമായി നായകനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മൈത്രി മൂവി മേക്കേഴ്സിൻറ്റെ ബാനറിൽ നവീൻ യെർനേനിയും രവി ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻറ്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധാനം വിവേക് സാഗറും ചിത്രസംയോജനം രവി തേജ ഗിരിജാലയും പ്രൊഡക്ഷൻ ഡിസൈനിംങ് ലത നായിഡുവും പബ്ലിസിറ്റി ഡിസൈനിംങ് അനിൽ, ഭാനു എന്നിവരും നിർവ്വഹിക്കുന്നു. പിആർഒ ആതിര ദിൽജിത്ത്.