ചാർലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത ഈ മാസം കാണേണ്ട അഞ്ച് സിനിമകളിൽ ഇടം നേടിയിരിക്കുകയാണ് നായാട്ട്. ലിസ്റ്റിലെ ഏക ഇന്ത്യൻ ചിത്രമാണ് നായാട്ട്. മൊറോക്കൻ ചിത്രം ജി അൺനോൺ സെയ്ൻറ്റ്, ഹംഗേറിയൻ ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയർ കണ്ടീഷനർ, ചിലെ ചിത്രം ലിന ഫ്രം ലിമ എന്നിവയാണ് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് ചിത്രങ്ങൾ. അപൂർവ്വ നേട്ടം കൈവരിച്ച ശേഷം നായാട്ട് ഇപ്പോൾ മറ്റ് ഭാഷകളിൽ റീമേക്കുകൾ ഒരുങ്ങുകയാണ്. തമിഴിന് പുറമേ ഹിന്ദിയിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. ഗൌതം വാസുദേവ് മേനോനാണ് നായാട്ടിൻറ്റെ തമിഴ് പതിപ്പ് ഒരുക്കുന്നത്. ജോൺ എബ്രഹാമിൻറ്റെ കമ്പനിയാണ് നായാട്ടിൻറ്റെ ഹിന്ദി പതിപ്പ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്കിൽ അല്ലു അർജുനാണ് റീമേക്ക് അവകാശം നേടിയിരിക്കുന്നത്.
രഞ്ജിത്ത്, പി എം ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയത് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്. കുഞ്ചാക്കോ ബോബനും നിമിഷയും ജോജു ജോർജും പോലീസ് ഓഫീസേഴ്സിൻറ്റെ വേഷത്തിൽ എത്തിയ ചിത്രത്തിൽ ജാഫർ ഇടുക്കി, ഹരികൃഷ്ണൻ, അനിൽ നെടുമങ്ങാട്, അജിത് കോശി, മനോഹരി ജോയ് തുടങ്ങിയ താരങ്ങളും അണിനിരന്നിരുന്നു. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. മഹേഷ് നാരായണൻ – എഡിറ്റിംഗ്, വിഷ്ണു വിജയ് സംഗീത സംവിധാനം തുടങ്ങിയവും നിർവ്വഹിച്ചിരിക്കുന്നു.
Tag : Mollywood