തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരുടെയും വിവാഹ വാർത്തകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം തന്നെ പലപ്പോഴും വൈറലാകാറുമുണ്ട്. എന്നാൽ വിവാഹത്തെക്കുറിച്ച് രണ്ടുപേരും ഇതുവരെയും കൃത്യമായ മറുപടിയൊന്നും നൽകിയിരുന്നില്ല.
എന്നാൽ വിഘ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി സൂചന നൽകിയിരിക്കുകയാണ് നയൻതാര. ഒരു ടെലിവിഷൻ പ്രോഗ്രാമിൽ വച്ചാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. നാനും റൌഡി താൻ എന്ന ചിത്രത്തിൻറ്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം നയൻതാരയുടെ കരിയറിൽ വലിയൊരു വഴിത്തിരിവായിരുന്നു. വിജയ് സേതുപതി ആയിരുന്നു ചിത്രത്തിലെ നായകൻ.
ഇപ്പോൾ വിവാഹ നിശ്ചയത്തെക്കുറിച്ച് നയൻതാര പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴിലെ പ്രശസ്ത അവതാരിക ദിവ്യദർശിനിയുടെ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. മോതിര വിരലിനെ കുറിച്ച് അവതാരിക ചോദിച്ചപ്പോൾ ‘ഇത് വന്ത് എൻഗേജ്മെൻറ്റ് റിംഗ്’ എന്നാണ് നയൻതാര മറുപടി നൽകിയത്. നയൻതാര അതിഥിയായി എത്തിയ ഷോയുടെ പ്രെമോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ആഗസ്റ്റ് 15 നാണ് ഷോ വിജയ് ടിവിയിൽ ടെലികാസ്റ്റ് ചെയ്യുന്നത്.
വിഘ്നേഷ് ശിവനിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്നുള്ള അവതാരികയുടെ ചോദ്യത്തിന് എല്ലാം എന്നായിരുന്നു നയൻതാരയുടെ മറുപടി. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ തുറന്നു പറയുമെന്നും നയൻതാര പറഞ്ഞു.
അടുത്തിടെ വിഘ്നേഷ് പങ്കുവച്ച ഒരു ചിത്രത്തിലും നയൻതാരയുടെ കൈയിൽ മോതിരം ഉണ്ടായിരുന്നു. അന്ന് ഇരുവരുടെയും എൻഗേജ്മെൻറ്റ് കഴിഞ്ഞതായും വാർത്തകൾ വന്നിരുന്നു. ‘വിരലോട് ഉയിർ കൂടെ കോർത്ത്’ എന്ന ക്യാപ്ഷനോടെ ആയിരുന്നു വിഘ്നേഷ് ഈ ചിത്രം പങ്കുവച്ചത്.
Eng : nayanthara vignesh shivan engaged