നയൻതാര – വിഘ്നേഷ് വിവാഹം സിനിമ സ്റ്റൈലിൽ. സംവിധാനം ഗൌതം മേനോൻ.

വളരെ നാളുകളായി ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും പ്രണയത്തിലാണ്. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോവുകയാണ്. ജൂൺ 9 ന് മഹാബലിപുരത്തുവച്ചാണ് ഇരുവരുടെയും വിവാഹം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താരവിവാഹമാണിത്. ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
വിവാഹത്തിൻറ്റെ ഒരുക്കങ്ങൾ ഇപ്പോൾ തകൃതിയായി നടക്കുകയാണ്. വിവാഹത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളെല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെ ആണ് ഏറ്റെടുക്കുന്നത്. എന്നാൽ ഇപ്പോൾ വിവാഹത്തെ സംബന്ധിച്ച് പുറത്തുവരുന്ന മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടുന്നത്.
ഒരു സിനിമ സ്റ്റൈലിൽ ആയിരിക്കും വിവാഹ ചടങ്ങുകൾ എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. സംവിധായകൻ ഗൌതം മേനോൻ ആണ് വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്. ഈ വിവാഹത്തിൻറ്റെ ഒടിടി സംപ്രേക്ഷണവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നും റിപ്പോർട്ടുകളുണ്ട്. തങ്ങൾക്കുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാൻ നെറ്റഫ്ലിക്സ് ആണ് ഗൌതം മേനോനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മഹാബലിപുരത്തെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് ഹിന്ദുമത ആചാരപ്രകാരമാണ് ഇരുവരുടെയും വിവാഹം. മുപ്പത് പേർക്കു മാത്രമാണ് വിവാഹത്തിനു ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാൽ സുഹൃത്തുക്കൾക്കും സിനിമ മേഖലയിൽ നിന്നുള്ളവർക്കുമായി വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനുപുറമേ, രജനികാന്ത്, കമൽ ഹാസൻ, വിജയ്, അജിത്ത്, സൂര്യ, കാർത്തി, സാമന്ത, ശിവ കാർത്തികേയൻ, വിജയ് സേതുപതി എന്നിവർ വിവാഹത്തിൽ അതിഥികളായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
‘നാനും റൌഡിതാൻ’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാകുന്നത്. 2021 ൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി നയൻതാര തന്നെ ആണ് ഒരു അഭിമുഖത്തിൽ വച്ച് വെളിപ്പെടുത്തിയത്.