പുതിയ ചിത്രത്തിനുവേണ്ടി പ്രതിഫലം ഉയർത്തി നയൻതാര; പ്രതിഫലത്തിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം ലേഡി സൂപ്പർസ്റ്റാറും

തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. നയൻസിൻറ്റെ 75-ാമത്തെ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഫലം ഉയർത്തിയിരിക്കുകയാണ് താരം. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 10 കോടിയാണ് പുതിയ ചിത്രത്തിനായി നയൻതാര വാങ്ങുന്ന പ്രതിഫലം. ഇതോടെ ബോളിവുഡ് നായികമാരായ ആലീയ ഭട്ട്, ദീപിക പദുക്കോൺ, കരീന കപൂർ തുടങ്ങിയവർക്കൊപ്പം നയൻതാരയും എത്തിയിരിക്കുകയാണ്.

ലേഡി സൂപ്പർസ്റ്റാർ 75 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷങ്കറിൻറ്റെ സഹ സംവിധായകനായിരുന്ന നീലേഷ് കൃഷ്ണ ആണ്. നിലേഷ് കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നീലേഷ് തന്നെ ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നതും. സീ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജയ്, സത്യരാജ്, റെഡിൻ കിംഗ്ല്സി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദിനേഷ് കൃഷ്ണൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് – പ്രവീൺ ആൻറ്റണി. കലാസംവിധാനം – ജാക്കി.

അതേസമയം ഷാരൂഖ് ഖാൻ – അറ്റ്ലി ചിത്രത്തിൽ ആണ് നയൻതാര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജവാൻ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ആറ്റ്ലിയടെയും നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. റെഡ് ചില്ലീസ് എൻറ്റർടെയ്മൻറ്റ്സിൻറ്റെ ബാനറിൽ ഗൌരി ഖാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഹിന്ദിക്കു പുറമേ, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ഗോൾഡ് ആണ് നയൻതാരയുടെ ഇനി പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. അൽഫോൺസ് പുത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.